വിജിലന്‍സ് ചമഞ്ഞ് ബ്ലാക്ക് ഡോളര്‍ തട്ടിപ്പ്: രണ്ടംഗ സംഘം പിടിയില്‍

Posted on: April 7, 2018 6:09 am | Last updated: April 7, 2018 at 12:17 am
പിടികൂടിയ ബ്ലാക്ക് പേപ്പറും ഡോളറും

പെരിന്തല്‍മണ്ണ: ബ്ലാക്ക് പേപ്പറില്‍ നിന്ന് കെമിക്കല്‍ പദാര്‍ഥമുപയോഗിച്ച് അമേരിക്കന്‍ ഡോളര്‍ നിര്‍മിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. ആലിപ്പറമ്പ് പളളിക്കുന്ന് സ്വദേശി പൂവണത്തുംമൂട്ടില്‍ സൈനുദ്ദീന്‍ (60), തൃശൂര്‍ കാനാട്ടകര സ്വദേശി കാരക്കട വീട്ടില്‍ ജയന്‍ (53) എന്നിവരെയാണ് ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, സി ഐ. ടി എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡൊ പോലീസ് പെരിന്തല്‍മണ്ണയില്‍ വച്ച് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണയില്‍ ഹോട്ടല്‍ മുറിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയത്. റിയല്‍ എസ്റ്റേറ്റിലും മറ്റും പണമിടപാട് നടത്തുന്നവരേയും സംഘത്തിലെ ജയന്‍ വിജിലന്‍സ് ഓഫീസറാണന്ന് സ്വയം പരിചയപ്പെടുത്തി ബന്ധപ്പെടും. കൂടുതല്‍ വിശ്വാസ്യത നേടിയ ശേഷം അമേരിക്കന്‍ ബ്ലാക്ക് പേപ്പര്‍ തങ്ങളുടെ കൈവശമുണ്ടന്നും മറ്റു രാജ്യങ്ങളില്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്നതിന്ന് വേണ്ടിയാണ് തിരിച്ചറിയാനാകാത്ത വിധത്തില്‍ ഡോളര്‍ ബ്ലേക്ക് പേപ്പറായി മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നത്. ഒരു പ്രത്യേക കെമിക്കല്‍ ഉപയോഗിച്ച് കഴുകിയാല്‍ ഈ ബ്ലാക്ക് പേപ്പര്‍ ഡോളര്‍ ആയി മാറുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഇത്തരത്തിലുള്ള ബ്ലാക്ക് പേപ്പറിന്റെ കെട്ടുകള്‍ നല്‍കി വിപണി മൂല്യത്തിന്റെ പകുതി വില നല്‍കിയാല്‍ ഡോളറാക്കി മാറ്റാനുള്ള കെമിക്കല്‍ പദാര്‍ഥം എത്തിച്ച് കൊടുക്കാമെന്നും പറഞ്ഞാണ് ഇവര്‍ പണം വാങ്ങുന്നത്. പണം നല്‍കി തട്ടിപ്പിനിരയാകുന്നവര്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം ആരോടും പറയില്ലെന്നത് സംഘത്തിന് സഹായകമാകുന്നു. ഇത്തരത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്ന് ഡോളര്‍ കൊടുക്കാമെന്ന് പറഞ്ഞ് 10,000 രൂപ അഡ്വാന്‍സ് വാങ്ങിയതായി പോലീസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

വനിതാ എസ് ഐ രമ, മറ്റു ഉദ്യോഗസ്ഥരായ സി പി മുരളീധരന്‍, പി എന്‍ മോഹന കൃഷ്ണന്‍, എന്‍ ടി കൃഷ്ണ കുമാര്‍, മനോജ് കുമാര്‍, ഷാജി, അനീഷ് പി, അജിഷ്, ദിനേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.