അമ്മാന്‍ മോഡറേറ്റ്‌സ് കോണ്‍ഫറന്‍സ് സമാപിച്ചു

Posted on: April 7, 2018 6:15 am | Last updated: April 6, 2018 at 11:25 pm
അമ്മാനില്‍ നടന്ന അന്താരാഷ്്ട്ര മോഡറേഷന്‍ സമ്മേളനത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി സംസാരിക്കുന്നു

അമ്മാന്‍(ജോര്‍ദാന്‍): ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി ഫൗസി അല്‍ മുല്‍കിയുടെ ആഭിമുഖ്യത്തില്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടന്ന അന്താരാഷ്ട്ര സന്തുലിത സമ്മേളനം സമാപിച്ചു. ‘സാമൂഹ്യ സുരക്ഷയും സമുദായ ഐക്യവും’ എന്ന പ്രമേയത്തില്‍ മുസ്‌ലിം വേള്‍ഡ് ലീഗ്, ജോര്‍ദാന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ മോഡറേഷന്‍ ഫോറം സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ജോര്‍ദാന്‍ സാംസ്‌കാരിക മന്ത്രി നബീഹ് ശുകും ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വിവിധ നാടുകളില്‍ നിന്ന് സര്‍ക്കാര്‍-സര്‍ക്കാറിതര പ്രതിനിധികള്‍ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ ഒലീവുചില്ലകളുയര്‍ത്താന്‍ സമാധാന സംഘങ്ങളെ ശക്തിപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

രാഷ്ട്ര സുരക്ഷയില്‍ മോഡറേഷനുള്ള പങ്കും ഭീകരതയെ നേരിടാനുള്ള വിവിധ പദ്ധതികളും ചര്‍ച്ച ചെയ്തു. വിവിധ വന്‍കരകളിലെ പ്രശ്‌നങ്ങള്‍ വെവ്വേറെ സെഷനുകളില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ പ്രതിനിധിയായി സംബന്ധിച്ച കേരള മുസ്്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഭീകരതയെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു.
ജോര്‍ദാന്‍ യുവജന കാര്യമന്ത്രി ബഷീര്‍ റവാഷ്ദി, മുസ്‌ലിം വേള്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം ഈസ, മോഡറേറ്റ്‌സ് ഫോറം തലവന്‍ മര്‍വാന്‍ അല്‍ഫൗരി, ഡോ. ഉസ്മാന്‍ അബൂസൈദ്(സുഡാ ന്‍), ഡോ. നബീല്‍ ശരീഫ് (ജോര്‍ദാന്‍), ഡോ. മുഹമ്മദുല്‍ ബഷാരി(ഫ്രാന്‍സ്), ഡോ. അഹ്മദ് അല്‍ കുബൈസി(യു എ ഇ), സയ്യിദ് അലി ഹുസൈന്‍ ഫള്‌ലുല്ല(ലബനാന്‍), ഡോ. മസൂം യാസീന്‍ (കുവൈത്ത്), ഡോ. അബ്ദുല്ല വസായ് (ഇറാഖ്), സയ്യിദ് അബ്ദുല്ല ഫദ്അഖ് (സഊദി), ശൈഖ് അബ്ദുല്‍ ഫതാഹ് മോറോ(തുനീഷ്യ), ഡോ. അഹ്മദുല്‍ കാഫി (മൊറോക്കൊ) വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.