കൂടുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ നിശ്ചലം; ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന് ഔദ്യോഗിക വിശദീകരണം

ആഭ്യന്തര, നിയമ, കായിക മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളും ഹാക്കിംഗിനിരയായി  
Posted on: April 6, 2018 8:19 pm | Last updated: April 7, 2018 at 10:01 am

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കൂടുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. കേന്ദ്ര ആഭ്യന്തര, നിയമ, കായിക മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളാണ് ഹാക്കര്‍മാരുടെ ഇരയായത്. നേരത്തെ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് മണ്‍ഡാരിന്‍ ലിപികള്‍ കണ്ടെത്തിയതാണ് സംഭവത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണോ എന്നതിലേക്ക് സൂചന നല്‍കുന്നത്.

അതേസമയം വെബ്‌സൈറ്റുകള്‍ നിശ്ചലമായത് സാങ്കേതിക തകരാര്‍ മൂലമാണെന്നും ഹാക്കിംഗ് അല്ലെന്നുമാണ് സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യല്‍ സെക്രട്ടറി ഗുല്‍ഷന്‍ റായ് പറയുന്നത്. വെബ്‌സൈറ്റ് ഉടന്‍ തിരികെയെത്തുമെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സെര്‍വര്‍ തകരാര്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധമന്ത്രാലയത്തിന്റെ www.mod.gov.in എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. കായിക മന്ത്രാലയത്തിന്റെ https://yas.nic.in/ എന്ന വെബ്‌സൈറ്റും നിയമ മന്ത്രാലയത്തിന്റെ http://lawmin.gov.in/ എന്ന വെബ്‌സൈറ്റുമാണ് നിശ്ചലമായത്.