അമേരിക്കന്‍ നടിക്ക് പണം നല്‍കിയിട്ടില്ലെന്ന് ട്രംപ്

Posted on: April 6, 2018 12:25 pm | Last updated: April 6, 2018 at 1:47 pm

വാഷിങ്ടണ്‍: അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ താന്‍ അമേരിക്കന്‍ നടിക്ക് 1,30000 ഡോളര്‍ നല്‍കിയെന്ന ആരോപണം തെറ്റെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പണം നല്‍കല്‍ വിവാദമുണ്ടായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ നടിക്ക് പണം നല്‍കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഭിഭാഷകന്‍ പണം കൊടുത്തുവോ എന്ന് തനിക്കറിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

നടിക്ക് പണം നല്‍കിയതായി ഏറെക്കാലം ട്രംപിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹെന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്തിനാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്തിയില്ല. രഹസ്യം വെളിപ്പെടുത്താന്‍ പാടില്ലെന്ന കരാര്‍ നടി ലംഘിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. മൈക്കല്‍ എന്തിനാണ് പണം നല്‍കിയതെന്ന് തനിക്കറിയില്ലെന്ന് ട്രംപ് പറഞ്ഞു. പണം നല്‍കിയത് എന്തിനാണെന്ന് മൈക്കലിനോട് തന്നെ ചോദിക്കണമെന്നും ട്രംപ് വിശദീകരിച്ചു.