വിവാഹ ചടങ്ങുകളിലെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്‌തെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

എസ് പിയുടെ വാദം പൊളിയുന്നു
Posted on: April 6, 2018 6:19 am | Last updated: April 6, 2018 at 12:25 am
മോര്‍ഫിംഗ് കേസ് പ്രതി ബിബീഷിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

വടകര: വൈക്കിലശ്ശേരിയിലെ കല്യാണ വീടുകളിലെ നിരവധി വിവാഹ ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയില്‍ പോലീസിന്റെ നേരത്തെയുള്ള വാദം പൊളിയുന്നു. കേസിലെ ഒന്നാം പ്രതി കക്കട്ടില്‍ ചീക്കോന്ന് വെസ്റ്റിലെ കൈവേലിക്കല്‍ ബിബീഷിനെ(35)അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റൂറല്‍ എസ് പി ഉയര്‍ത്തിയ വാദങ്ങളാണ് പൊളിയുന്നത്.

പ്രതികളുടേതായ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടെത്തിയ മോര്‍ഫ് ചെയ്ത അഞ്ച് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലഭിച്ചതാണെന്നായിരുന്നു എസ് പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ഇതില്‍ നിന്നും വ്യത്യസ്തമാണ്.

2015 നവംബര്‍ ഒമ്പതിന് നടന്ന വിവാഹത്തിന്റെ വീഡിയോയിലും ഫോട്ടോയിലും വടകര സദയം സ്റ്റുഡിയോവിലെ വീഡിയോ എഡിറ്ററായ പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച് മാനഹാനിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

സ്റ്റുഡിയോ ഉടമകളായ ദിനേശന്റെയും സതീശന്റെയും അറിവോടും സമ്മതത്തോടും കൂടി ഒന്നാം പ്രതി ബിബീഷ് വിവാഹ ചടങ്ങുകളില്‍ നിന്നെടുത്ത ഫോട്ടോകളും ഫേസ് ബുക്കില്‍ നിന്നും ഡൗണ്‍ ലോര്‍ഡ് ചെയ്ത സ്ത്രീകളുടെ ഫോട്ടോ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് ഹാര്‍ഡ് ഡിസ്‌കില്‍ കോപ്പി ചെയ്തതായി സാക്ഷി മൊഴികളും തെളിവുകളും വ്യക്തമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്റ്റുഡിയോ ഉടമകളായ രണ്ട്, മൂന്ന് പ്രതികള്‍ വൈക്കിലശ്ശേരി പ്രദേശത്തുകാരാണ്. സ്ത്രീകള്‍ ഭയത്തോടെയും ആശങ്കയോടെയുമാണ് ജീവിച്ചു വരുന്നതെന്നും പ്രതി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റിലേക്കും മറ്റും അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സ്ത്രീകളുടെ ഫോട്ടോകള്‍ കോപ്പി ചെയ്ത് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പ്രതിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് സാക്ഷികളായ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. പ്രതികള്‍ക്കെതിരെ പ്രദേശത്ത് നിരവധി പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും നടക്കുന്നുണ്ടെന്നും പ്രതിയുടെ ജീവന് തന്നെ ഭീഷണി നിലനില്‍ക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥയായ സി ഭാനുമതി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ രണ്ടും മൂന്നും പ്രതികളെ ഇന്നലെ കോടതിയില്‍ തിരികെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.