സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ബില്‍ ഗവര്‍ണര്‍ക്ക് അയച്ചു

Posted on: April 6, 2018 6:17 am | Last updated: April 6, 2018 at 12:22 am

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ക്രമീകരിക്കാനുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയതോടെ ഇതിന് പകരമായി കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ ബില്ലിന്റെ ഭാവി എന്താകുമെന്നാണ് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. ബില്ലിന് അംഗീകാരം തേടി ഇന്നലെ തന്നെ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്.

നിയമസഭ പാസാക്കിയ ഒരു ബില്‍ ഗവര്‍ണര്‍ക്ക് അയക്കുന്നതാണ് സാധാരണ നടപടിക്രമം. കഴിഞ്ഞ ദിവസം പാസാക്കിയ ബില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഒപ്പുവെച്ച് നിയമ വകുപ്പിന് കൈമാറി.നിയമ വകുപ്പില്‍ നിന്നാണ് രാജ്ഭവനിലേക്ക് അയച്ചത്. ഗവര്‍ണര്‍ ഈ ബില്ലിന്മേല്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ബില്‍ പാസാക്കിയ വിവരം സുപ്രീംകോടതിയെ അറിയിച്ചപ്പോള്‍ അത് ഗവര്‍ണര്‍ക്ക് തള്ളാമല്ലോയെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ ഇടയില്ല. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കൂടുതല്‍ വിശദീകരണം തേടി തിരിച്ചയക്കാം. ഓര്‍ഡിനന്‍സ് ഒരിക്കല്‍ തിരിച്ചയച്ച് സര്‍ക്കാര്‍ വീണ്ടും അയച്ചാല്‍ അത് അംഗീകരിക്കുന്നതാണ് പതിവ്. സുപ്രീംകോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തില്‍ ഈ ബില്ലിന്റെ ഭാവി എന്താകുമെന്നതില്‍ അനിശ്ചിതത്വമുണ്ട്.

പ്രധാന വ്യവസ്ഥകള്‍

നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ 2016-17ലെ പ്രവേശന നടപടികളിലോ രേഖകള്‍ ഹാജരാക്കുന്നതില്‍ വന്ന വീഴ്ച്ച മൂലമോ പ്രവേശന മേല്‍നോട്ട സമിതി റദ്ദാക്കിയ പ്രവേശനം ക്രമവത്കരിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നു. മൂന്ന് ലക്ഷം രൂപ ഫീസ് ഈടാക്കി പ്രവേശനം ക്രമീകരിക്കാമെന്നാണ് ഓര്‍ഡിനന്‍സിലെയും ഇതിന് പകരമായി വന്ന ബില്ലിലെയും വ്യവസ്ഥ. ഈ തുക കുട്ടികളില്‍ നിന്ന് ഈടാക്കാതെ മാനേജ്‌മെന്റുകള്‍ തന്നെ നല്‍കണം.

ആക്ട് പ്രാബല്ല്യത്തില്‍ വന്ന് 15 ദിവസത്തിനകം ക്രമീകരിക്കാനുള്ള അപേക്ഷ നല്‍കാം. മൂന്നാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കും. ഇത് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടതായി കണക്കാക്കും.