സ്വര്‍ണച്ചാനു

ഇന്ത്യയുടെ ആദ്യ മെഡല്‍ ഗുരുരാജയിലൂടെ
Posted on: April 6, 2018 6:06 am | Last updated: April 6, 2018 at 12:10 am

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ ദിനം തന്നെ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവാണ് രാജ്യത്തിന് അഭിമാനമായത്. 48 കിഗ്രാം വിഭാഗത്തിലാണ് ചാനുവിന്റെ സുവര്‍ണനേട്ടം. സ്‌നാച്ചില്‍ 86 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 110 കിഗ്രാമുമടക്കം ആകെ 196 കിഗ്രം ഉയര്‍ത്തിയാണ് ചാനു ജേതാവായത്. സ്വന്തം പേരിലുള്ള 194 കിഗ്രാമെന്ന ദേശീയ റെക്കോര്‍ഡും ഇന്ത്യന്‍ താരം ഗോള്‍ഡ് കോസ്റ്റില്‍ തിരുത്തിക്കുറിച്ചു.

ആദ്യ ശ്രമത്തില്‍ 80 കിഗ്രാം ഉയര്‍ത്തിയപ്പോള്‍ തന്നെ മീര പുതിയ ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 77 കിഗ്രാമെന്ന മുന്‍ റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം പഴങ്കഥയാക്കിയത്. പിന്നീടുള്ള രണ്ടു ശ്രമങ്ങളിലും ചാനു പ്രകടനം മെച്ചപ്പെടുത്തി.

രണ്ടാം ശ്രമത്തില്‍ 84 കിഗ്രാമും അവസാന ശ്രമത്തില്‍ 86 കിഗ്രാമും ചാനു ഉയര്‍ത്തിയപ്പോള്‍ വെല്ലുവിളിക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേളയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. നേരത്തേ പുരുഷ വിഭാഗം 56 കിഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ പുജാരെ ഇന്ത്യക്കു വെള്ളി സമ്മാനിച്ചിരുന്നു.

ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷയായിരുന്ന മീര ഇതിനൊത്ത പ്രകടനമാണ് കാഴ്ചവച്ചത്. 2017 നവംബറില്‍ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ചാനു ചരിത്രം കുറിച്ചിരുന്നു. 1995ല്‍ കര്‍ണം മല്ലേശ്വരിക്കു ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും അന്നു മീരയുടെ പേരിലായിരുന്നു.

അന്ന് സ്‌നാച്ചില്‍ 85 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 109 കിഗ്രാമും ഉയര്‍ത്തിയ ചാനു ആകെ 194 കിഗ്രാം ഉയര്‍ത്തി പുതിയ ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ നേടിയ വെള്ളി മെഡലാണ് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. സ്‌നാച്ചില്‍ 111 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആകെ 249 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ മെഡല്‍ നേടിയത്.

മലേഷ്യയുടെ ഇസാര്‍ അഹമ്മദ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 117 കിലോഗ്രാം ഉയര്‍ത്തി തന്റെതന്നെ മുന്‍ ഗെയിസ് റെക്കോര്‍ഡ് ഇസാര്‍ തകര്‍ക്കുകയും ചെയ്തു.

ശ്രീലങ്കന്‍താരം ചതുരംഗ ലക്മല്‍ ആണ് വെങ്കലമെഡല്‍ നേടിയത്. ചതുരംഗ ആകെ 244 കിലോ ഭാരം ഉയര്‍ത്തി.
അതേസമയം, നീന്തലില്‍ ഇന്ത്യയുടെ ദേശീയതാരവും മലയാളിയുമായ സജന്‍ പ്രകാശിന് ആദ്യദിനം അടിതെറ്റി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ട് ഒരു മാസത്തെ കഠിന പരിശീലനത്തിലായിരുന്നെങ്കിലും സജന് ഹീറ്റ്‌സിന് അപ്പുറം കടക്കാനായില്ല.
മത്സരങ്ങള്‍ പുരോഗമിക്കവെ ഇന്ത്യ ആദ്യദിനം തന്നെ ഒട്ടേറെ ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.