Connect with us

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലപാതകം: 14 വര്‍ഷമായിട്ടും കേസ് വിചാരണക്കെത്തിയില്ല

Published

|

Last Updated

തലശ്ശേരി: 2004ലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കലാപത്തില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ കേസ് 14 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല. നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രന്‍ (48) ആണ് 2004 ഏപ്രില്‍ ആറിന് സെന്‍ട്രല്‍ ജയിലിലുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്‍. ജയില്‍ ബ്ലോക്കില്‍ ഫാന്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കവും ചേരിതിരിഞ്ഞുള്ള വെല്ലുവിളിയും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയും ഏറ്റുമുട്ടലിനിടയില്‍ ഇരുമ്പുപാര കൊണ്ടുള്ള അടിയേറ്റ് തല പിളര്‍ന്ന രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. സംഭവം കഴിഞ്ഞ് മൂന്നാം വര്‍ഷം അന്നത്തെ കണ്ണൂര്‍ ടൗണ്‍ സി ഐ പി ബി പ്രശോഭ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മജിസ്‌ട്രേറ്റ് സി സൗന്ദരേഷ് കേസ് പിന്നീട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു.

20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 പേരായിരുന്നു പ്രതികള്‍. ഇവരില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിവിധ കാരണങ്ങളാല്‍ ഒരേ സമയത്ത് കേസിന് ഹാജരാകാത്തതാണ് വിചാരണ നടപടികള്‍ അനിശ്ചിതത്വത്തിലാക്കുന്നത്. ഇവിടെ പ്രതിഭാഗത്തിന്റെ തന്ത്രം വിജയിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ വിമര്‍ശിക്കപ്പെടുകയാണ്.

Latest