Connect with us

Gulf

ഫീസ് അടക്കാന്‍ വൈകിയ കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കില്ല

Published

|

Last Updated

അബുദാബി: സ്‌കൂള്‍ ഫീസുകള്‍ മുടക്കം വന്ന കുട്ടികളെ ഇനി സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്ന തീരുമാനവുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. ഫീസ് അടക്കാത്തതിന് ഒരു കുട്ടിയെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതിരുന്ന സ്വകാര്യ സ്‌കൂളിന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ പുറത്താക്കരുതെന്ന പുതിയ തീരുമാനം അധികൃതര്‍ കൊണ്ടുവന്നത്.

കഴിഞ്ഞ ആഴ്ച അബുദാബിയില്‍ അധ്യയന വര്‍ഷത്തെ ഫീസ് അടച്ചില്ലായെന്ന കാരണത്താല്‍ കുട്ടിയെ ക്ലാസില്‍ കയറുവാന്‍ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് ലൈബ്രറിയില്‍ പോയിരിക്കാന്‍ പറയുകയും, മാതാപിതാക്കളെ വിളിച്ച് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് മാതാപിതാക്കള്‍ സംഭവം പുറംലോകത്തെ അറിയിച്ചത്. സ്‌കൂള്‍ ബസില്‍ കയറാനും കുട്ടിയെ അനുവദിച്ചിരുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഫീസ് അടക്കണമെന്ന സന്ദേശം കുറച്ച് ദിവസം മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടിയെ പുറത്താക്കുമെന്ന് അറിയിച്ചില്ലായിരുന്നെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

ഫീസ് അടക്കാത്ത കാരണത്താല്‍ കുട്ടിയെ പുറത്താക്കാനുള്ള അധികാരം സ്‌കൂളിനില്ലെന്ന് അബുദാബി വിദ്യാഭ്യാസ വിഭാഗം പറഞ്ഞു. മൂന്ന് മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയതിന് ശേഷം മാത്രമേ കുട്ടിയെ സസ്പെന്റ് ചെയ്യാന്‍ സ്‌കൂളിന് അധികാരമുള്ളു. അതും മൂന്ന് ദിവസത്തേക്ക് മാത്രം. മുന്നറിയിപ്പ് കൊടുക്കുമ്പോള്‍ ഒരു ആഴ്ചയുടെ വ്യത്യാസം എങ്കിലും ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്.

Latest