Connect with us

National

കര്‍ണാടകയില്‍ ബി ജെ പി- ജെ ഡി എസ് അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്താനും പുതിയവ പിടിച്ചെടുക്കാനും അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുങ്ങുന്നു. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഇല്ലാതാക്കാനും ഭരണം പിടിച്ചെടുക്കാനും സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയായ ജനതാദള്‍- എസിനെ കൂട്ടുപിടിക്കുകയാണ് ബി ജെ പി. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി ജെ പി- ജനതാദള്‍- എസ് കൂട്ടുകെട്ട് രൂപപ്പെടുത്തിയതായാണ് സൂചന.

മുഖ്യമന്ത്രി സിദ്ധരാമയ്യ ജനവിധി തേടുന്ന മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര കന്നിയങ്കത്തിനിറങ്ങുന്ന വരുണ മണ്ഡലത്തിലുമാണ് ഈ കൂട്ടുകെട്ട് രൂപപ്പെട്ടിട്ടുള്ളത്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ മുഖ്യ എതിരാളി ജനതാദള്‍- എസിലെ ജി ടി ദേവഗൗഡ എം എല്‍ എയാണ്. ദേവഗൗഡയെ ജയിപ്പിക്കാന്‍ ഇവിടെ ജനതാദള്‍- എസിന് പിന്തുണ നല്‍കാനാണ് ബി ജെ പിയുടെ നീക്കം. ചാമുണ്ഡേശ്വരിയില്‍ ബി ജെ പി കളത്തിലിറക്കുന്നത് ദുര്‍ബല സ്ഥാനാര്‍ഥിയെയായിരിക്കും. ചാമുണ്ഡേശ്വരിയില്‍ ജെ ഡി എസിന് നല്‍കുന്ന സഹായത്തിന് പ്രത്യുപകാരമായി വരുണ മണ്ഡലത്തില്‍ ബി ജെ പിയെ സഹായിക്കാനാണ് ജനതാദള്‍- എസിന്റെ തീരുമാനം.
ബി ജെ പി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയായിരിക്കും വരുണയില്‍ മത്സരിക്കുകയെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. അത്രയൊന്നും ജനസമ്മിതിയില്ലാത്ത വ്യക്തിയെയായിരിക്കും ഇവിടെ ജനതാദള്‍- എസ് നിര്‍ത്തുക.

ഈയടുത്ത് നടന്ന ഗുണ്ടല്‍പേട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി ജെ പിയിലെ വി ശ്രീനിവാസപ്രസാദാണ് ഇത്തരമൊരു തന്ത്രം മെനയുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതിന്റെ പേരില്‍ എം എല്‍ എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ച് ബി ജെ പിയില്‍ ചേര്‍ന്ന ശ്രീനിവാസപ്രസാദ് ഗുണ്ടല്‍പേട്ട് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുകയായിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ശത്രുതയിലാണ് പ്രസാദ്.

കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളും മന്ത്രിമാരും വീണ്ടും ജനവിധി തേടുന്ന മിക്ക മണ്ഡലങ്ങളിലും ബി ജെ പി- ജനതാദള്‍ എസ് രഹസ്യധാരണ കോണ്‍ഗ്രസ് നേതൃത്വം കരുതലോടെയാണ് നോക്കിക്കാണുന്നത്. ആദ്യമായി ഒന്നിച്ച് മത്സരിക്കാന്‍ ജനതാദള്‍- എസും ബി എസ് പിയും നേരത്തെ ധാരണയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈ സഖ്യം തുടരും. സംസ്ഥാനത്തെ 14 ജില്ലകളില്‍ എട്ട് സംവരണ സീറ്റുകളിലും 12 ജനറല്‍ സീറ്റുകളിലുമാണ് ബി എസ് പി മത്സരിക്കുന്നത്. ബാക്കിയുള്ള 204 സീറ്റുകളില്‍ ജെ ഡി എസും മത്സരിക്കും.

 

Latest