ക്രീമിലെയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തി

Posted on: April 5, 2018 6:18 am | Last updated: April 5, 2018 at 12:06 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ വരുമാന പരിധി ആറ് ലക്ഷം രൂപയില്‍ നിന്ന് എട്ട് ലക്ഷമായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വരുമാന പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല.
ഇതിനെതിരെ പിന്നാക്ക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മേല്‍ത്തട്ട് ഉയര്‍ത്താനുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റം.

ന്യൂനപക്ഷങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള മേല്‍ത്തട്ട് വരുമാന പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ബാലന്‍ നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. നേരത്തെ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നുവങ്കിലും നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി.

അതേസമയം, മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാതെ പോകുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നുണ്ട്.