സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍; അന്വേഷണത്തിന് ഉത്തരവ്

Posted on: April 5, 2018 6:28 am | Last updated: April 4, 2018 at 11:30 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ സ്പീക്കറുടെ കസേരയില്‍ യുവാവ് കയറിയിരുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സ്പീക്കറുടെ കസേരയില്‍ യുവാവ് ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സ്പീക്കര്‍ രാജേന്ദ്ര തൃപാഠി ഇന്നലെ നിയമസഭയെ അറിയിച്ചത്. സ്പീക്കറുടെ കസേരയില്‍ അദ്ദേഹത്തിന് മാത്രമാണ് ഇരിക്കാന്‍ അവകാശമുള്ളത്. മാത്രമല്ല, ഇത് സുരക്ഷാ പ്രശ്‌നം കൂടിയാണ്. എം എല്‍ എമാര്‍ക്കും അംഗീകൃത വ്യക്തികള്‍ക്കും മാത്രമാണ് നിയമസഭാ ഹാളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അസംബ്ലി സെക്രട്ടറി ഡി എം പട്ടേല്‍ വ്യക്തമാക്കി.

രാഹുല്‍ എന്നയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ സ്‌ക്രീന്‍ ഷോട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സഭ സമ്മേളിക്കാത്ത സമയത്ത് മറ്റൊരാളുടെ കൂടെ ഹാളിലെത്തിയ ഇയാള്‍ സ്പീക്കറുടെ കസേരയില്‍ ഇരുന്ന് ഫോട്ടോ പകര്‍ത്തുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഫോട്ടോയില്‍ മറ്റാരെയും കാണുന്നില്ല. എം എല്‍ എയുടെ കസേരയില്‍ രാഹുല്‍ ഇരിക്കുന്ന ചിത്രവും ആളൊഴിഞ്ഞ നിയമസഭാ ഹാളില്‍ നിന്ന് ഇയാള്‍ പകര്‍ത്തിയ സെല്‍ഫിയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 28ന് ബജറ്റ് സമ്മേളനം കഴിഞ്ഞ ശേഷമാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് കരുതുന്നത്.