കേരളമുള്‍െപ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ നാളെ റബ്ബര്‍ക്കടകള്‍ അടച്ചിടും

Posted on: April 4, 2018 6:06 am | Last updated: April 3, 2018 at 11:35 pm

തിരുവനന്തപുരം: കേരളമുള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ നാളെ റബ്ബര്‍ക്കടകള്‍ അടച്ചിടുമെന്ന് ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിരട്ടപ്പാലിന് ഗ്രേഡ് നിശ്ചയിക്കാന്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ യോഗം ഡല്‍ഹിയില്‍ ചേരുന്ന നാളെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും റബ്ബര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചുമാണ് കേരളം, കര്‍ണാടക, ത്രിപുര എന്നിവിടങ്ങളിലെ റബ്ബര്‍ക്കടകള്‍ അടച്ചിടുന്നത്.

റബ്ബറിനും ക്രംബ് റബ്ബറിനും മിനിമം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുക, ഇല്ലെങ്കില്‍ ക്രംബ് റബ്ബറിന് 70 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുക, ചിരട്ടപ്പാലിന് ഗ്രേഡ് നിശ്ചയിക്കാനുള്ള നടപടികള്‍ നിറുത്തിവെക്കുക, കൃഷിക്കാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവിനുള്ള കുറഞ്ഞ വില 200 രൂപയാക്കുകയും തോട്ടത്തിന്റെ പരിധി അഞ്ച് ഹെക്ടറായി ഉയര്‍ത്തുകയും ചെയ്യുക. ഇന്‍സെന്റീവിനുള്ള പണം കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും തുല്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് ടോമി എബ്രഹാം, അബ്ദുന്നാസര്‍, എം കെ എബ്രഹാം, ദാമു, ഷിബു ജെയിംസ്, കുര്യന്‍ എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.