ചോദ്യപേപ്പര്‍ ചോര്‍ച്ച: സി ബി എസ് ഇ പത്താം ക്ലാസ് ഗണിതം പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം

Posted on: April 3, 2018 8:12 pm | Last updated: April 3, 2018 at 8:12 pm

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദത്തിലായ സി ബി എസ് ഇ പത്താം ക്ലാസ് ഗണിതം പേപ്പറില്‍ പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവും സി ബി എസ് ഇയുമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഉത്തര കടലാസ് വിശകലനം നടത്തിയതിന് ശേഷമാണ് സി ബി എസ് ഇ അധികൃതര്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് അനുസരിച്ചുള്ള വിത്യാസം ഉത്തര പേപ്പറില്‍ പ്രകടമല്ലെന്നാണ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണിത പരീക്ഷ നടത്തേണ്ടതില്ലെന്ന് സി ബി എസ് ഇ തീരുമാനിച്ചതെന്നാണ് അനില്‍ സ്വരൂപ് വ്യക്തമാക്കിയത്. 14ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 10ാം തരത്തിലെ ഗണിത പരീക്ഷ എഴുതിയത്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ സ്വാധീനം ഉത്തര പേപ്പറുകളില്‍ വ്യക്തമായി കാണാതിരുന്നതിനാലും ഇത്രയും അധികം കുട്ടികളെ വീണ്ടും പരീക്ഷയ്ക്കിരുത്തന്നതിന്റെ പ്രയാസവും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, 12ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്ര പരീക്ഷ ഈ മാസം 25ന് വീണ്ടും നടക്കും.

12ാം തരത്തിലെ സാമ്പത്തിക ശാസ്ത്ര ചോദ്യപേപ്പറും പത്താം തരത്തിലെ ഗണിത ചോദ്യപേപ്പറും ചോര്‍ന്നതിനെ തുടര്‍ന്ന് 12ാം ക്ലാസിലെ പരീക്ഷ വീണ്ടും നടത്താന്‍ സി ബി എസ് ഇ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍, പത്താം ക്ലാസിലെ ഗണിത പരീക്ഷ വീണ്ടും നടത്തണമോ എന്ന കാര്യം 15 ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നായിരുന്നു അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ആവശ്യമെങ്കില്‍ ഡല്‍ഹിയിലും ഹരിയായനയിലും മാത്രം ഗണിത പരീക്ഷ ജൂലൈയില്‍ നടത്താമെന്നും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രാലയവും ബോര്‍ഡും ഇന്നലെ തീരുമാനം എടുത്തത്. ഡല്‍ഹി, ഹരിയാന അടക്കം ഇന്ത്യയില്‍ എവിടെയും ഗണിത പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. മേല്‍നോട്ടത്തില്‍ അശ്രദ്ധവരുത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ ഒരാളെ സസ്പെന്‍ഡ് ചെയ്തത്. പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് റാണ എന്ന ഉദ്യോഗസ്ഥനെയാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഝാര്‍ഖണ്ഡിലുമായി അറസ്റ്റുകള്‍ നടന്നിരുന്നു.