വ്യാജ വാര്‍ത്ത: മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: April 3, 2018 10:32 am | Last updated: April 3, 2018 at 12:49 pm

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് നീക്കം.

വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യമാണെങ്കില്‍ ആറ് മാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. പിന്നീട് പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയാല്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രിലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

മാധ്യമങ്ങളില്‍ വന്നത് വാജവാര്‍ത്തയാണെന്ന പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ബ്രോഡ് കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.