സന്തോഷ കിരീടമെത്തി: താരങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പ്

Posted on: April 3, 2018 6:01 am | Last updated: April 3, 2018 at 12:55 am
സന്തോഷ് ട്രോഫി കിരീടവുമായി കേരളാ താരങ്ങള്‍ കൊച്ചിയില്‍ എത്തിയപ്പോള്‍

കൊച്ചി: കപ്പിനും ചുണ്ടിനും ഇടയില്‍ സന്തോഷ് ട്രോഫി കിരീടം നഷ്ടമായ കഥപറയാനുണ്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന്. 2012 ലെ ഫൈനലില്‍ സര്‍വീസസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് കേരളത്തിന്റെ കണ്ണീരുവീണ മണ്ണാണ് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം. അന്ന് 4-3 നാണ് കേരളം പരാജയപ്പെട്ടത്.

അതേമണ്ണിലേക്കാണ് ഇന്നലെ രാഹുല്‍ രാജും സംഘവും 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി കിരീടവുമായിട്ടെത്തിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.05ന് നെടുമ്പാശ്ശേരിയിലെത്തിയ ടീമിന് ആവേശകരമായ സ്വീകരണമാണ് ഫുട്‌ബോള്‍ പ്രേമികളും കേരളാ ഫുട്‌ബോള്‍ അസോസിയേഷനും ഒരുക്കിയത്. ക്യാപ്റ്റന്‍ രാഹുല്‍ വി രാജിന് പിന്നാലെ കോച്ച് സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ മറ്റ് ടീം അംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും പുറത്തുവന്നു.

മന്ത്രി കെ ടി ജലീല്‍, എം എല്‍ എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവര്‍ ടീമിനെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ടീം ബസില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി.

കോച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയത്തിന്റെ രഹസ്യമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് സ്വീകരണമേറ്റുവാങ്ങികൊണ്ട് പറഞ്ഞു. നാടിന് വേണ്ടി കിരീടം നേടാനായത് അവിസ്മരണിയമായ നിമിഷമായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും ക്യാപ്റ്റന്‍ രാഹുല്‍ പറഞ്ഞു.

ടീം നേടിയത് മഹത്തായ വിജയമാണെന്നായിരുന്നു കോച്ച് സതീവന്‍ ബാലന്റെ പ്രതികരണം. ടീം സെലക്ഷനിലുള്‍പ്പെടെ പൂര്‍ണ സ്വാതന്ത്ര്യമാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ നല്‍കിയത്. ശക്തമായ എതിരാളികളെ മറികടന്ന് സെമിയിലെത്തിയപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ അവസാന നിമിഷം ബംഗാള്‍ ഗോള്‍ നേടിയത് ആശങ്ക സമ്മാനിച്ചു.

സമ്മര്‍ദമില്ലാതെ ഷൂട്ടൗട്ടിനെ നേരിടാന്‍ കളിക്കാരോട് നിര്‍ദേശിക്കുകയായുന്നു. അത് ഭംഗിയായി നിര്‍വഹിച്ചതോടെ വിജയം കൈപ്പിടിയിലാവുകയായിരുന്നുവെന്നും കോച്ച് പറഞ്ഞു.

നിര്‍ധന കുടുംബത്തില്‍ നിന്നെത്തുന്ന ടീമിലെ അംഗമായ അനുരാഗിന് വീട് വെച്ച് നല്‍കുമെന്ന് ടീമിന്റെ മുഖ്യസ്പോണ്‍സര്‍മാരായ ഐ സി എല്‍ ഫിന്‍കോര്‍പ്പും ചടങ്ങില്‍ അറിയിച്ചു. കെ എഫ് എ ഒരുക്കിയ സ്വീകരണചടങ്ങില്‍ പല താരങ്ങളുടേയും മാതാപിതാക്കളും സുഹൃത്തുക്കളും പങ്കെടുത്തു.