ഗോരഖ്പൂര്‍ കൂട്ട ശിശുമരണം: ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്

Posted on: April 3, 2018 6:05 am | Last updated: April 3, 2018 at 12:50 am

ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ കൂട്ടശിശുമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓക്‌സിജന്‍ വിതരണ കമ്പനി ഉടമയുടെ ജാമ്യഹരജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. ഗോരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ വിതരണം നടത്തിയിരുന്ന പുഷ്പാ സെയില്‍സ് കമ്പനിയുടെ ഉടമസ്ഥന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നുവെന്ന് കാണിച്ച് നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ച് യോഗി സര്‍ക്കാറിന് നോട്ടീസ് അയച്ചത്. അടുത്ത വാദം കേള്‍ക്കുന്ന ഈ മാസം ഒമ്പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം നൂറോളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്ര, ശിശുരോഗ വിഭാഗം മേധാവി സതീഷ്, ഡോക്ടര്‍ കഫില്‍ ഖാന്‍, ഓക്‌സിജന്‍ വിതരണം ചെയ്ത പുഷ്പാ സെയ്ല്‍സ് ഉടമ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പുഷ്പ സെയില്‍സ് കമ്പനിയുടെ ഉടമ അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചെങ്കിലും കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ജാമ്യം നിേഷധിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.