
ആശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിനെ കാണാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര കാല്‍നടയായി പോകുന്നു
തലശ്ശേരി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ മന്ത്രി എത്തിയത് നാലര കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് . തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് പണിമുടക്കായതിനാല്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് റോഡിലൂടെ ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ചത്. മന്ത്രിയുടെ മാതാവ് പാര്‍വതിയമ്മ തലശ്ശേരി മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി തലശ്ശേരി റസ്റ്റ് ഹൗസില്‍ തങ്ങിയ മന്ത്രി ഇന്നലെ രാവിലെയാണ് മാതാവിനെ കാണാന്‍ കാല്‍നടയായി പുറപ്പെട്ടത്.
യാത്രക്കിടെ കണ്ടവരോടെല്ലാം കുശലാന്വേഷണം നടത്താനും മന്ത്രി സമയം കണ്ടെത്തി. വാഹനം തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചെങ്കിലും ന്യായമായ ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരമായതിനാലാണ് നടന്നുപോകാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫംഗങ്ങളും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും ഒപ്പം കാല്‍നടയായി സഞ്ചരിച്ചു.