Connect with us

Kerala

ബി വണ്‍ സിറ്റി സമ്പൂര്‍ണ പുനരധിവാസ പദ്ധതി: മാസ്റ്റര്‍പ്ലാന്‍ ലോഞ്ചിംഗ് ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ മലയോര, ചേരി, തീരപ്രദേശങ്ങളില്‍ അധിവസിക്കുന്ന പിന്നാക്ക അധഃസ്ഥിത ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന സമ്പൂര്‍ണ പുനരധിവാസ പദ്ധതിയായ ബി വണ്‍ സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ ലോഞ്ചിംഗ് ഇന്ന് തലസ്ഥാനത്ത് നടക്കും. ആദ്യഘട്ടമായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കാളികാവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലപ്പുറം കേന്ദ്രീകരിച്ച് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇസ്‌ലാം അല്‍ ബദ്‌രിയയുടെ നേതൃത്തിലാണ് ബി വണ്‍ സിറ്റി സ്ഥാപിക്കുന്നത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തമ്പാനൂര്‍ അപ്പോളൊ ഡിമോറയില്‍ നടക്കുന്ന ചടങ്ങ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മാസ്റ്റര്‍ പ്ലാന്‍ ലോഞ്ചിംഗ് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലും ലോഗോ പ്രകാശനം കൃഷിമന്ത്രി വി എസ് സുനില്‍കുമാറും നിര്‍വഹിക്കും. എം എല്‍ എമാരായ എ പി അനില്‍കുമാര്‍, പി വി അന്‍വര്‍, പി ടി എ റഹീം, എ എം ആരിഫ് പങ്കെടുക്കും.

ബി വണ്‍ സിറ്റി സമ്പൂര്‍ണ പുനരധിവാസ പദ്ധതിയില്‍ പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍, കാര്‍ഷികം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ബൃഹദ് സംരംഭങ്ങളുണ്ടാകും. പിന്നാക്ക ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് ജാതി മത പരിഗണനയില്ലാതെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. 5000 പേര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി പൂര്‍ണമായും സൗജന്യമാണ്.

കാളികാവ് ഉദരംപൊയിലില്‍ 25 ഏക്കര്‍ ഭൂമിയിലാണ് ബി വണ്‍ സിറ്റിയുടെ പ്രഥമ പദ്ധതി നിലവില്‍ വരുന്നത്. വിധവകള്‍ക്കുളള വീടുകള്‍, സ്ത്രീകള്‍ക്കായുളള ഫാക്ടറി, പെണ്‍കുട്ടികളുടെ വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊളളുന്ന ഫാത്വിമ ലാന്റ്, ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന താജ്‌ലാന്റ്, ഉലമാ റെസിഡന്‍സി, പബ്ലിക് ലൈബ്രറി, സാംസ്‌കാരിക കേന്ദ്രം എന്നിവ സിറ്റിയുടെ ഭാഗമായുണ്ടാകും. പ്രാഥമിക ആരോഗ്യകേന്ദ്രം, കണ്‍വന്‍ഷന്‍ സെന്റര്‍, സ്‌കില്‍ അക്കാദമി, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്‌റ്റോറന്റ്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ടാകും.

താമസിക്കാന്‍ പാര്‍പ്പിടം ഒരുക്കുന്നതിനൊപ്പം തുടര്‍ജീവിതത്തിന് അനുയോജ്യമായ തൊഴില്‍ സാഹചര്യം കൂടി ഒരുക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍പരിശീലനത്തിനും സൗജന്യചികിത്സ ഉറപ്പ്‌വരുത്താനും ഇവിടെ തന്നെ സംവിധാനമുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബി വണ്‍ സിറ്റി ജനറല്‍ സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ വി അബ്ദുര്‍റഹ്മാന്‍, നേമം സിദ്ദീഖ് സഖാഫി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest