സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ മുഴുവന്‍ എം പി വേതനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

Posted on: April 1, 2018 3:16 pm | Last updated: April 2, 2018 at 6:45 pm

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ എം പിയായിരിക്കെ തനിക്ക് ലഭിച്ച ശമ്പളവും മറ്റ് അലവന്‍സുകളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്തു. ആറ് വര്‍ഷത്തിന് ശേഷം അടുത്ത കാലത്ത് എം പി കാലാവധി പൂര്‍ത്തിയാക്കിയ സച്ചിന് ശമ്പളയിനത്തിലും അലവന്‍സുകളുമായി 90 ലക്ഷം രൂപയാണുണ്ടായിരുന്നത്.

തുക കിട്ടിയതായി അറിയിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് സച്ചിനോട് നന്ദിയും പറഞ്ഞു. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിന്റെ പേരില്‍ ഏറെ പഴികേട്ടവരാണ് സച്ചിനും മുന്‍കാല നടിയും എം പിയുമായ രേഖയും .

എന്നാല്‍ തന്റെ മേഖലയിലെ വികസനത്തിനായി എം പി ഫണ്ട് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സച്ചിനായിട്ടുണ്ട്. 185 പദ്ധതികള്‍ക്ക് അനുമതി വാങ്ങിയെടുത്തുവെന്നും തനിക്ക് അനുവദിച്ച 30 കോടിയില്‍ 7.4 കോടി രൂപ വിദ്യാഭ്യാസത്തിനും അടിസ്ഥാന വികസനത്തിനുമാണ് ഉപയോഗിച്ചതെന്നും സച്ചിന്റെ ഓഫീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. ഇത് കൂടാതെ സന്‍സാദ് ഗ്രാമം ആദര്‍ശ്് ഗ്രാമം പദ്ധതി പ്രകാരം ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും രണ്ട് ഗ്രാമങ്ങള്‍ സച്ചിന്‍ ദത്തെടുത്തിരുന്നു.