എസ് എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ച: ഡല്‍ഹിയില്‍ ഉദ്യോഗാര്‍ഥികളുടെ പ്രക്ഷോഭം; ഏറ്റുമുട്ടല്‍

200 ഓളം പേര്‍ അറസ്റ്റില്‍
Posted on: April 1, 2018 6:26 am | Last updated: March 31, 2018 at 11:31 pm
എസ് എസ് സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) ചോദ്യപേപ്പര്‍ ചോര്‍ന്ന വിശഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രക്ഷോഭം. ജന്ദര്‍മന്ദറില്‍ നടന്ന പ്രക്ഷോഭത്തില്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ ഇതേകുറിച്ച് അന്വേഷണം നടത്തണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തെ പോലീസ് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

ജന്ദര്‍മന്ദറില്‍ നിന്ന് ഇന്നലെ ഉച്ചക്ക് മൂന്നോടെ പാര്‍ലിമെന്റിലേക്ക് പ്രക്ഷോഭം നടത്തിയവരെ പോലീസ് ബലമായി അറസ്റ്റ് ചെയ്തു. വിഷയത്തില്‍ അനുകൂലമായ സമീപനമുണ്ടായിട്ടില്ലെങ്കില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിംഗ് ഓഫീസിലേക്ക് പ്രകടനം നടത്തുമെന്ന് പ്രക്ഷോഭകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഓഫീസിന് മുന്നിലെത്തിയ പ്രക്ഷോഭകരെ പോലീസ് തടയുകയും അറസ്റ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. 200 ഓളം പ്രക്ഷോഭകര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലായ്മ നേരിടേണ്ടിവന്ന യുവാക്കളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. തൊഴിലില്ലായ്മക്കെതിരെയുള്ള വിമര്‍ശനവും പ്രക്ഷോഭത്തില്‍ ഉയര്‍ന്നിട്ടുണ്ട്.