Connect with us

International

തീരാത്ത യുദ്ധക്കെടുതികള്‍ക്കെതിരെ അഫ്ഗാനികള്‍ പട്ടിണി സമരത്തില്‍

Published

|

Last Updated

കാബൂള്‍: തെക്കന്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി അഫ്ഗാനികള്‍ നിരാഹാര സമരം തുടങ്ങി. കഴിഞ്ഞ ആഴ്ച ഹെല്‍മന്ദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാധാനം തിരിച്ചുവേണമെന്ന ആവശ്യവുമായി അഫ്ഗാനികള്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. അഫ്ഗാന്‍ സര്‍ക്കാറും താലിബാന്‍ തീവ്രവാദികളും തമ്മില്‍ സമാധാന കരാറിലെത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. സ്ത്രീകളും കുട്ടികളും യുവാക്കളും അടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച സ്‌ഫോടനം നടന്ന സ്ഥലത്താണ് കുടിലുകള്‍ കെട്ടി സമരത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി പേര്‍ക്ക് അവരുടെ കുടുംബങ്ങളില്‍ നിന്ന് പലരെയും നഷ്ടപ്പെട്ടിരിക്കുന്നു. നശിച്ച യുദ്ധമാണ് ഇതിനെല്ലാം കാരണം. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം പോലും ഇത് എടുത്തുകളഞ്ഞിരിക്കുന്നുവെന്ന് ആക്രമണത്തില്‍ കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട ബശീര്‍ ജാന്‍ പറഞ്ഞു. അദ്ദേഹവും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനികള്‍ക്ക് വേണ്ടിയെങ്കിലും അഫ്ഗാന്‍ സര്‍ക്കാറും താലിബാന്‍ തീവ്രവാദികളും തമ്മില്‍ സമാധാന കരാറിലെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹവും ആവശ്യവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാഹാര സമരം രണ്ടാം ദിവസത്തേക്ക് നീണ്ടതോടെ ആറ് പേരെ അവശരായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്. പശ്തൂണ്‍ ആധിപത്യ മേഖലയില്‍ നിന്നുള്ള സ്ത്രീകളും നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ യുദ്ധം ഞങ്ങള്‍ക്ക് മേല്‍ ക്രൂരത വിതറുകയാണ്. സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും അടക്കം ഈ യുദ്ധത്തിന്റെ ഇരകളാണ്. ഇതെപ്പോള്‍ അവസാനിക്കുമെന്നും സമരത്തിലേര്‍പ്പെട്ട ഒരു സ്ത്രീ ചോദിക്കുന്നു.

എന്നാല്‍ നിരാഹാര സമരത്തിലേര്‍പ്പെടുന്നതിന് പകരം ഹെല്‍മന്ദിലെ ഏറ്റവും വലിയ യു എസ് സൈനിക ക്യാമ്പ് സ്ഥിതി ചെയ്യുന്ന ക്യാമ്പ് ശുറാബില്‍ പോയി സമരം നടത്തണമെന്ന് താലിബാന്‍ പ്രതികരിച്ചു. അമേരിക്ക അധിനിവേശം നിര്‍ത്തുകയാണ് പ്രശ്‌നപരിഹാരമെന്നും താലിബാന്‍ പറയുന്നു.

---- facebook comment plugin here -----

Latest