Connect with us

International

യു എസുമായി എപ്പോഴും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് റഷ്യ

Published

|

Last Updated

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഇപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ക്രെംലിന്‍. റഷ്യന്‍ മുന്‍ ചാരനും മകള്‍ക്കും ബ്രിട്ടനില്‍ വെച്ച് വിഷപ്രയോഗമേറ്റ സംഭവത്തില്‍ അമേരിക്ക റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയുടെ സാധ്യതകള്‍ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയത്.

അടുത്തിടെ റഷ്യയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച വഌദിമിര്‍ പുടിനെ യു എസ് പ്രസിഡന്റ് ട്രംപ് പ്രശംസിക്കുകയും അടുത്തു തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ ചാരനെതിരെ നടന്ന ചതിപ്രയോഗത്തിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളായിരിക്കുകയാണ്. 60 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കി ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
നേരത്തെ നിശ്ചയിച്ചിരുന്ന ട്രംപ്- പുടിന്‍ കൂടിക്കാഴ്ചക്ക് വൈറ്റ് ഹൗസ് തയ്യാറാണോ എന്ന കാര്യം ഇപ്പോള്‍ അവ്യക്തതയുണ്ടെന്നും എന്നാല്‍ റഷ്യ ഇപ്പോഴും സഹകരണത്തിന്റെ പാതയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും ക്രെംലിന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.