തിരഞ്ഞെടുപ്പു കമ്മീഷനു മുമ്പേ ബി ജെ പി നേതാവിന്റെ തീയതി പ്രഖ്യാപനം: അന്വേഷണം പ്രഖ്യാപിച്ചു

അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടംഗ സമിതി
Posted on: March 27, 2018 8:05 pm | Last updated: March 27, 2018 at 11:15 pm

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ പുറത്തുവിട്ട് ബി ജെ പി. ഐ ടി സെല്‍ മേധാവി അമിത് മാളവ്യ വിവാദത്തില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തി തിരഞ്ഞെടുപ്പ് തീയതിയും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നതിനിടെ അമിത് മാളവ്യ തീയതി ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. വിവാദമായതോടെ ഈ ട്വീറ്റ് മാളവ്യ നീക്കം ചെയ്തു. രാവിലെ 11നാണ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.11.8 ഓടെ ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ തിരഞ്ഞെടപ്പ് തീയതി ട്വിറ്ററില്‍ രേഖപ്പെടുത്തി. ‘കര്‍ണാടക മെയ് 12ന് വോട്ട് ചെയ്യും. വോട്ടെണ്ണല്‍ മെയ് 18ന്’ എന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്.

വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ഇക്കാര്യം ചോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിര്‍ന്ന രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതിയെ നിയോഗിച്ചെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും സമിതി ശിപാര്‍ശ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പ് കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ബി ജെ പി സുപ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷനായെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. അമിത് മാളവ്യയുടെ ട്വീറ്റ് ഷെയര്‍ ചെയ്താണ് സുര്‍ജേവാല ട്വിറ്ററില്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.

അതിനിടെ, വിവാദത്തില്‍ വിശദീകരണവുമായി ബി ജെ പിയും അമിത് മാളവ്യയും രംഗത്തുവന്നു. ഒരു ചാനലില്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് ട്വീറ്റ് ചെയ്തതെന്നാണ് മാളവ്യയുടെ വിശദീകരണം. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. 11.06ന് ചാനല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് ശേഷം 11.08 ന് ആണ് താന്‍ ട്വീറ്റ് ചെയ്തത്. കര്‍ണാടക കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ഇതേ കാര്യം ട്വീറ്റ് ചെയ്തിരുന്നുവെന്നും മാളവ്യ കത്തില്‍ ചൂണ്ടിക്കാട്ടി.

ചാനല്‍ റിപ്പോര്‍ട്ടിന്റെയും മറ്റ് ട്വീറ്റുകളുടെയും സ്‌ക്രീന്‍ ഷോട്ടും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയതായും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സംഘം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സന്ദര്‍ശിക്കുകയും ചെയ്തു.