സ്മിത്ത് ഔട്ട്; രാജസ്ഥാനെ രഹാനെ നയിക്കും

Posted on: March 27, 2018 6:18 am | Last updated: March 27, 2018 at 12:23 am
SHARE

മുംബൈ: പന്തുചുരണ്ടല്‍ വിവാദ നായകന്‍ ആസ്‌ത്രേലിയയുടെ സ്റ്റീവ് സ്മിത്തിന് ഐ പി എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായി.

പുതിയ സാഹചര്യത്തില്‍ ആസ്‌ത്രേലിയന്‍ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണ്. പ്രശ്‌നങ്ങള്‍ നിറഞ്ഞ തുടക്കമല്ല ഫ്രാഞ്ചൈസി ആഗ്രഹിക്കുന്നത് – രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് മേധാവിയായ സുബിന്‍ ബറൂച അറിയിച്ചു. അജിങ്ക്യരഹാനെയാണ് രാജസ്ഥാന്റെ പുതിയ ക്യാപ്റ്റനെന്നും ബറൂച്ച ഔദ്യോഗികമായി അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് കുടുംബത്തിലെ പ്രധാന കണ്ണിയാണ് രഹാനെ. ദീര്‍ഘകാലമായി ടീമിനെ കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണദ്ദേഹം. തീര്‍ച്ചയായും മികച്ചൊരു നായകനായി അദ്ദേഹം മാറും – ബറൂച പറഞ്ഞു.

ഐ പി എല്ലില്‍ രാജസ്ഥാന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് രഹാനെ. 72 ഇന്നിംഗ്‌സുകളില്‍ നിന്ന് 2333 റണ്‍സ്. ഒന്നാം സ്ഥാനം ആസ്‌ത്രേലിയന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സനാണ് (2474). താരലേലത്തില്‍ നാല് കോടി രൂപക്കാണ് ജയ്പൂര്‍ ഫ്രാഞ്ചൈസി രഹാനെയെ ടീമിലെടുത്തത്. 2008 ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് രഹാനെ ഐ പി എല്‍ അരങ്ങേറ്റം നടത്തിയത്.

എന്നാല്‍ 2011 മുതല്‍ 2015 വരെ രാജസ്ഥാന്‍ റോയല്‍സിനായിട്ടാണ് കൂടുതല്‍ കളിച്ചത്. രാഹുല്‍ദ്രാവിഡ് നേതൃത്വം നല്‍കിയ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് രഹാനെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കിയത്.

2012 സീസണിലായിരുന്നു കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 98 റണ്‍സടിച്ച് മാന്‍ ഓഫ് ദ മാച്ചായതും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സെഞ്ച്വറി നേടിയതും (103) ശ്രദ്ധേയം. ആ സീസണില്‍ രാജസ്ഥാന്റെ ലീഡ് റണ്‍ സ്‌കോറര്‍ രഹാനെ ആയിരുന്നു.
ഏപ്രില്‍ ഏഴിനാണ് ഐ പി എല്‍ ആരംഭിക്കുന്നത്. ഒമ്പതിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ആദ്യഹോം ഗെയിം പതിനൊന്നിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ.