ചൈന കപ്പ് ഉറുഗ്വെക്ക്

Posted on: March 27, 2018 6:13 am | Last updated: March 27, 2018 at 12:18 am
ഉറുഗ്വെയുടെ വിജയഗോള്‍ നേടിയ കവാനി

ബീജിംഗ്: വെയില്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഉറുഗ്വെ ചൈന കപ്പ് ചാമ്പ്യന്‍മാരായി. ആവേശകരമായ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഉറുഗ്വെ വല കുലുക്കി, കിരീടം ഉറപ്പിച്ചു. വെറ്ററന്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയാണ് വിജയഗോള്‍ നേടിയത്. പരിശീലകന്റെ റോളില്‍ അരങ്ങേറ്റത്തില്‍ തന്നെ കിരീടം നേടാനുള്ള അവസരമാണ് വെയില്‍സ് കോച്ച് റിയാന്‍ ഗിഗ്‌സിന് നഷ്ടമായത്.

ഉറുഗ്വെക്കായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ രണ്ട് ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടിത്തെറിച്ചത്.
രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയ ലൂ ഇവാന്‍സ് സുവര്‍ണാവസരം നഷ്ടമാക്കിയത് വെയില്‍സിന് തിരിച്ചടിയായി.

ചൈനയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫൈനലിലെത്തിയ വെയില്‍സിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഹാട്രിക്ക് നേടിയ ഗാരെത് ബെയ്‌ലിനെ ഉറുഗ്വെ തളച്ചു.

റിയാന്‍ ഗിഗ്‌സ് വെയില്‍സിന്റെ പരിശീലകനായി അരങ്ങേറുന്നതായിരുന്നു ചൈന കപ്പിനെ ശ്രദ്ധേയമാക്കിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ഗിഗ്‌സ് മുഴുവന്‍ സമയ അന്താരാഷ്ട്ര പരിശീലകനായി മാറുകയാണ്. ഗിഗ്‌സിന്റെ ആദ്യ എതിരാളി പരിശീലകരിലെ ഇതിഹാസമായ മാര്‍സലോ ലിപ്പിയായിരുന്നു. ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത ലിപ്പി യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാവും കൂടിയാണ്. ചൈനയുടെ പരിശീലകനായ ലിപ്പിയെ ആദ്യ അവസരത്തില്‍ തന്നെ ഗിഗ്‌സ് മറികടന്നു. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ലിപ്പിയുടെ ടീമിനെ ഗിഗ്‌സിന്റെ ടീം തറപറ്റിച്ചത്. രണ്ടാമത്തെ എതിരാളി ഉറുഗ്വെയുടെ ഓസ്‌കര്‍ ടബരെസ്. എഴുപത്തൊന്നുകാരനായ ടബരെസും പരിചയ സമ്പന്നതയില്‍ മുന്നിലാണ്.

പക്ഷേ, ടബരെസിനെ വീഴ്ത്താന്‍ ഗിഗ്‌സിന് സാധിച്ചില്ല. ഒരു ഗോളിനാണ് തോല്‍വിയെന്നത് ആശ്വാസമാണ്.
ബാഴ്‌സലോണയുടെ ലൂയിസ് സുവാരസ്, പി എസ് ജിയുടെ കവാനി ഉറുഗ്വെയുടെ മുന്‍നിരയില്‍ യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാര്‍. വെയില്‍സിന് എടുത്തു കാണിക്കാനുള്ളത് റയല്‍ മാഡ്രിഡിന്റെ ചാട്ടൂളിയായ ഗാരെത് ബെയ്ല്‍. വലിയ മത്സരങ്ങള്‍ ജയിക്കുന്നതില്‍ ബെയ്ല്‍ ഇനിയും വളര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി ചൈന കപ്പ് ഫൈനല്‍.

ഉറുഗ്വെയുടെ ക്രിസ്റ്റ്യന്‍ റോഡ്രിഗസാണ് മാന്‍ ഓഫ് ദ മാച്ച്. ദേശീയ ടീമിനായി നൂറ്റിരണ്ടാം മത്സരത്തിന് ഇറങ്ങിയ മിഡ്ഫീല്‍ഡര്‍ ഉറുഗ്വെയുടെ നീക്കങ്ങളിലെല്ലാം തന്റെതായ ടച് വരുത്തി.