Connect with us

National

വര്‍ഗീയ ധ്രുവീകരണ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ സന്നദ്ധരായെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കുന്നതിന് വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോബ്രാപോസ്റ്റ്. തങ്ങള്‍ നടത്തിയ ഒളിക്യാമറാ ഓപറേഷനിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കോബ്രാപോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പണം നല്‍കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണോ അവരുടെ എതിരാളികള്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ സന്നദ്ധരാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് ഡസനോളം വരുന്ന മാധ്യമങ്ങള്‍ കൃത്യമായ ബി ജെ പി പക്ഷപാതിത്വം പ്രഖ്യാപിക്കുന്നുവെന്നും അന്വേഷണം വ്യക്തമാക്കുന്നുണ്ട്. എതിരാളികളുടെ പ്രതിച്ഛായ മോശമാക്കാന്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കാനും മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചു. ഓപറേഷന്‍ 136 എന്നാണ് ഒളിക്യാമറാ അന്വേഷണത്തിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ വെബ്‌സൈറ്റ് പുറത്ത് വിട്ടത്.

അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തക ഇരുപത് പ്രമുഖ സ്ഥാപനങ്ങളെയാണ് സമീപിച്ചത്. ഇവിടങ്ങളിലെ വാര്‍ത്താ ഉള്ളടക്കം തീരുമാനിക്കാന്‍ അധികാരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഭരണവിഭാഗം മേധാവികള്‍ക്കും ആറ് കോടി മുതല്‍ 50 കോടി വരെ രൂപ അവര്‍ വാഗ്ദാനം ചെയ്തു.

ഈ തുക നല്‍കുകയാണെങ്കില്‍ ഹിന്ദുത്വ പ്രചാരണത്തില്‍ പങ്കാളിയാകാമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയതായി ഓപറേഷന്‍ 136 വ്യക്തമാക്കുന്നു.
ആദ്യ മൂന്ന് മാസങ്ങളില്‍ ആത്മീയകാര്യങ്ങളെന്ന് തോന്നിക്കുന്ന ഉള്ളടക്കങ്ങളാകും സംപ്രേഷണം ചെയ്യുക. തുടര്‍ന്ന് തീവ്രഹിന്ദുത്വ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്ക് അവസരം നല്‍കും. ദൃശ്യമാധ്യമങ്ങളില്‍ തുടങ്ങുന്ന ആ ഈ വാര്‍ത്താ നിര്‍മിതി അച്ചടി, നവ മാധ്യമങ്ങളിലേക്ക് പടരും.
ഇതിന്റെ തുടര്‍ച്ചയായാണ് ആവശ്യമെങ്കില്‍ കലാപത്തിന് വഴിമരുന്നിടുന്ന ഉള്ളടക്കങ്ങള്‍ വരികയെന്നും കോബ്രാപോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

Latest