Connect with us

National

വിശാല സഖ്യം വേണമെന്ന് യെച്ചൂരി

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തിന്റെ തന്നെ പ്രധാന ശത്രുവായ ബി ജെ പിയുടെ പരാജയമാണ് ഇടതുപക്ഷത്തിന്റെ പരമമായ ലക്ഷ്യമെന്നും ഇതിന് തിരഞ്ഞെടുപ്പ് സഖ്യത്തിന് പകരം വിശാലമായ സഖ്യമാണ് വേണ്ടതെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി പി ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭരണം നടത്തുന്നത് ബി ജെ പിയാണെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നത് ആര്‍ എസ് എസാണ്. രാജ്യത്ത് സമാന്തര ഭരണഘടന കൊണ്ടുവരാനുള്ള ആര്‍ എസ് എസിന്റെ ലക്ഷ്യമാണ് ബി ജെ പി നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് കക്ഷിയായ ബി ജെ പിയുടെ പരാജയം ഉറപ്പുവരുത്താനാണ് ഇടതുപക്ഷം പ്രധാനമായും ശ്രമിക്കുന്നത്.

ഈ ദൗത്യം വിജയിക്കണമെങ്കില്‍ രാജ്യത്ത് മതേതരകക്ഷികളുടെ യോജിച്ച വേദിയുണ്ടാകണം. ഇതിന് വേണ്ടിയാണ് പ്രധാന ഇടതുപക്ഷപാര്‍ട്ടികളെന്ന നിലയില്‍ സി പി എമ്മും സി പി ഐയും നിലകൊള്ളുന്നത്. തിരഞ്ഞെടുപ്പ് സമയത്തെ താത്കാലിക സഖ്യത്തിന് പകരം പൊതുലക്ഷ്യത്തോടെ വിശാല സഖ്യം വളര്‍ന്നുവരണം. അതേസമയം, കോണ്‍ഗ്രസുമായി ഏതുതരത്തിലുള്ള ബന്ധമാണ് വേണ്ടതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.