Connect with us

National

ബാബ്‌രി മസ്ജിദ് കേസ് ആറിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് ഭൂമിതര്‍ക്ക കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് അടുത്ത മാസം ആറിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്തമാസം ആറിലേക്ക് മാറ്റിയത്.

അതേസമയം, ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റെ ആരാധനാലയമായി മാറ്റാനാകില്ലെന്ന് സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ വ്യക്തമാക്കി. ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഹരജിക്കാരനായ ഇജാസ് മഖ്ബൂലിനു വേണ്ടി 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിന്യായം പരാമര്‍ശിച്ചാണ് ധവാന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഒരു മസ്ജിദ് തകര്‍ത്തുവെന്നതുകൊണ്ട് മസ്ജിദിന്റെ പ്രധാന്യം നഷ്ടപ്പെടില്ലെന്നും എപ്പോഴും അത് ഒരു മസ്ജിദ് തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ സ്വത്തുവകകള്‍ ഒഴിപ്പിക്കുന്നത് വരെ, അല്ലെങ്കില്‍ അത് നിര്‍മിച്ചത് പ്രാര്‍ഥന നടത്താനല്ലെന്ന് ഉത്തരവിടുന്നത് വരെ അത് മസ്ജിദാണ്. നിസ്‌കാരം നിര്‍വഹിക്കുക എന്നത് മതപരമായ അനുഷ്ഠാനമാണ്. ആ സ്ഥലം നിര്‍ണായകമാണ്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പരിരക്ഷയുള്ളതാണ്. മസ്ജിദിന്റെ കെട്ടിടം പൊളിച്ചുമാറ്റിയാലും ആ സ്ഥലത്തിന്റെ പ്രാധാന്യം അതുപോലെ നിലനില്‍ക്കും. മസ്ജിദിന് ഇസ്‌ലാമില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഒരു പള്ളി ഒരിക്കല്‍ സ്ഥാപിച്ചാല്‍ അത് അല്ലാഹുവിന്റെ സ്വത്തായി നിലനില്‍ക്കും. പിന്നീട് അത് തകര്‍ക്കാനാകില്ലെന്നും ഇസ്മാഈല്‍ ഫാറൂഖ് വിധി ഉദ്ധരിച്ച് ധവാന്‍ വ്യക്തമാക്കി.

1985ലെ കേസില്‍ ബാബ്‌രി മസ്ജിദ് സ്ഥാപിച്ചത് നിസ്‌കാരം (പ്രാര്‍ഥന) നിര്‍വഹിക്കാന്‍ മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1598ല്‍ മിര്‍ ബാഖിയാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ആ കേസിലെ ഉത്തരവിലെ ഖണ്ഡിക 51ല്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest