കലാപങ്ങള്‍ക്ക് പ്രോത്സാഹനം

Posted on: March 24, 2018 6:00 am | Last updated: March 23, 2018 at 9:49 pm

നിയമവ്യവസ്ഥയെയും ഭരണഘടനയെ തന്നെയും നോക്കുകുത്തിയാക്കുകയാണ് ഉത്തര്‍ പ്രദേശിലെ കലാപക്കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുസാഫര്‍നഗറിലും ഷാമിലിയിലും മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 131 കേസുകളാണ് പിന്‍വലിക്കുന്നത്. ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാണ്‍, എം എല്‍ എമാരായ ഉമേഷ് മല്ലിക്, സംഗീത് സോം തുടങ്ങി ജനപ്രതിനിധികളും ബി ജെ പിയിലെ പ്രമുഖരും പ്രതികളായ കേസുകളാണിവ.
പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി ജില്ലാ മജിസ്‌ട്രേറ്റുമാരോട് യു പി നിയമവകുപ്പ് സെക്രട്ടറി വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മജിസ്‌ട്രേറ്റുമാര്‍ കത്തുകള്‍ ജില്ലാ പോലീസ് മേധാവികള്‍ക്കു കൈമാറിക്കഴിഞ്ഞു. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന 13 കൊലപാതക കേസുകള്‍, ഏഴ് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ (ഐ പി സി 153 എ) പ്രകാരമുള്ള 16 കേസുകള്‍, മതവികാരം വ്രണപ്പെടുത്തല്‍ (295 എ)പ്രകാരമുള്ള രണ്ടു കേസുകള്‍ തുടങ്ങിയവ പിന്‍വലിക്കുന്ന കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്ന ഗോരഖ്പൂരില്‍ 2007ല്‍ നടന്ന കലാപത്തില്‍ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പിന്‍വലിച്ചിരുന്നു.

മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുസ്ഫര്‍ നഗറിലും ഷാമിലിയിലും 2013 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നടന്ന വര്‍ഗീയാക്രമണങ്ങളില്‍ 63 പേര്‍ മരിക്കുകയും 50,000 ത്തോളം പേര്‍ ഭവനരഹിതരാവുകയും നിരവധി പേര്‍ക്ക് നാടുവിടുകയും ചെയ്യേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ 1,455 പേര്‍ക്കെതിരേ 503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 1976ല്‍ രാജ്യത്ത് നടന്ന 751 വര്‍ഗീയ സംഘട്ടനളില്‍ 195ഉം യു പിയിലാണെന്ന് ആഭ്യന്തര സഹമന്ത്രി ഹാന്‍സ്‌രാജ് ആഹിര്‍ ഫെബ്രുവരി ആറിന് ലോക്‌സഭയില്‍ അറിയിച്ചതാണ്. കലാപങ്ങളില്‍ 86 പേര്‍ കൊല്ലപ്പെട്ടതില്‍ 44ഉം യു പിയിലായിരുന്നു. 2015ലും 2016ലും യു പിയില്‍ തന്നെയായിരുന്നു കൂടുതല്‍ വര്‍ഗീയാസ്വാസ്ഥ്യങ്ങളുണ്ടായത്. കലാപങ്ങളായിരുന്നില്ല, മുസ്‌ലിംകള്‍ക്കെതിരെയുള്ള ഏകപക്ഷീയ ആക്രമണങ്ങളായിരുന്നു ബഹുഭൂരിഭാഗവും. വര്‍ഗീയാക്രമണത്തിന് പ്രേരണ നല്‍കുന്ന വിദ്വേഷം സ്ഫുരിക്കുന്ന പ്രസംഗങ്ങളാണ് സാധ്വി പ്രാചി, സാക്ഷിമഹാജന്‍, തുടങ്ങിയ ബി ജെ പി, സംഘ്പരിവാര്‍ നേതാക്കള്‍ സംസ്ഥാനത്ത് നിരന്തരം നടത്തിവരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥാകട്ടെ വിദ്വേഷ പ്രസംഗത്തില്‍ മറ്റാരെയും കവച്ചുവെക്കും. സംഘ്പരിവാര്‍ നേതാക്കളുടെ ഇത്തരം തീപ്പൊരി പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളുമാണ് മുസാഫര്‍പൂര്‍ കലാപത്തിനും വഴിവെച്ചത്. മുസാഫര്‍പൂര്‍ സംഭവത്തില്‍ കലാപത്തിലേക്ക് നയിക്കുന്ന തരത്തില്‍ വ്യാജവീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിനാണ് ബി ജെ പി, എം എല്‍ എ സംഗീത് സോമിനെതിരെ കേസെടുത്തത്.

രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പെരുപ്പം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ മതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോക റാങ്കിംഗില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. രാജ്യത്ത് മതസ്വാതന്ത്ര്യം അപകട മേഖലയിലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍, മതവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടഅക്രമം, വര്‍ഗീയ കലാപങ്ങള്‍, മതബന്ധിതമായ ഭീകര സംഘങ്ങള്‍, മതസ്ഥാപനങ്ങളെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. ഗോവധത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളാണ് ഇന്ത്യയെ മോശം അവസ്ഥയിലെത്തിച്ചതെന്ന് റിസര്‍ച്ച് ലീഡര്‍ കറ്റയൂന്‍ കിഷി പറയുന്നു. വര്‍ഗീയാക്രമണങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരില്‍ യു എന്‍ മനുഷ്യാവകാശ കമ്മീഷനിലും ഇന്ത്യ പഴി കേള്‍ക്കേണ്ടിവന്നു. നൂറിലധികം രാജ്യങ്ങള്‍ അംഗമായ സമിതിയില്‍ കഴിഞ്ഞ വര്‍ഷം മെയിലാണ് ഇന്ത്യക്ക്് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ രാജ്യസ്‌നേഹവും ചിന്താശേഷിയും വിവേകവുമുള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിച്ചു രാജ്യത്തിന്റെ സത്‌പേര് വീണ്ടെടുക്കുകയാണ്. സംഘര്‍ഷങ്ങളും കലാപങ്ങളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുകയുമാണ് സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനുള്ള വഴി. പകരം കൊലയും കൊള്ളിവെപ്പും നടത്തുന്നവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ വര്‍ധിപ്പിക്കാനേ സഹായിക്കൂ. വര്‍ഗീയാക്രമങ്ങളും കലാപങ്ങളും തുടര്‍ന്നും നടത്തുന്നതിനുള്ള വ്യംഗ്യമായ പ്രോത്സാഹനമാണ് കേസ് പിന്‍വലിക്കുന്നതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വര്‍ഗീയ കാപാലികരുടെ കൊടും ക്രൂരതകള്‍ക്കിരയാവുകയും കലാപത്തിന്റെ ദുരിതങ്ങളില്‍ നിന്ന് ഇന്നും മോചിതരാവുകയും ചെയ്തിട്ടില്ലാത്ത ഇരകളോടുള്ള നീതിനിഷേധവുമാണ് സര്‍ക്കാര്‍ നീക്കം.