ഭൂമിദാന വിവാദം: ഒളിച്ചുകളിച്ച് ലാന്‍ഡ് റവന്യു കമ്മീഷണര്‍; മന്ത്രിക്ക് അതൃപ്തി

Posted on: March 22, 2018 11:21 am | Last updated: March 22, 2018 at 1:09 pm
SHARE

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ പതിച്ചുകൊടുത്ത സംഭവത്തില്‍ ഒളിച്ചുകളിച്ച് ലാന്‍ഡ് റവന്യു കമ്മീഷണര്‍. ക്രമക്കേട് നടന്നോ ഇല്ലയോ എന്ന് വ്യക്തമായി പറയാതെ, ജില്ലാ കലക്ടര്‍ ഹിയറിംഗ് നടത്തട്ടേയന്നെ് നിലപാടാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സ്വീകരിച്ചിരിക്കുന്നത്.

വിഷയത്തില്‍ സബ് കളക്ടറുടെ നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലാന്‍ഡ് റവന്യു കമ്മീഷണറെ മന്ത്രി ചുമതലപ്പെടുത്തിയത്. റവന്യു മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ഭൂമി കൈമാറ്റ വിഷയത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മന്ത്രിയുടെ അതൃപ്തിക്കു കാരണമായി. ഈ റിപ്പോര്‍ട്ട് സബ് കലക്ടറെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പരിചയക്കുറവുകൊണ്ടാകാം സബ് കലക്ടര്‍ക്ക് തെറ്റ് പറ്റിയതെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഉള്ളതായി സൂചനയുണ്ട്. അതേ സമയം, ഭൂമി വിവാദ്ദില്‍ ഈ മാസം 24ന് ജില്ലാ കലക്ടര്‍ കെ വാസുകി വാദം കേള്‍ക്കും.

സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19ന് വര്‍ക്കല തഹസില്‍ദാര്‍ എന്‍. രാജു സ്വകാര്യ വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്ത 27 സെന്റ് സ്ഥലമാണ് സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് തന്നെ കൈമാറിയത്. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് ദിവ്യ എസ് അയ്യരുടെ നിലപാട്.
അതേസമയം, വര്‍ക്കല ഭൂമിയിടപാടിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ക്കെതിരെ വീണ്ടും ഭൂമി ദാന ആരോപണമുയര്‍ന്നു. കാട്ടാക്കട മണ്ണൂര്‍ക്കര വില്ലേജിലെ പഞ്ചായത്ത് ചന്ത ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്നാണ് പുതിയ ആരോപണം. മണ്ണൂര്‍ക്കര അഫ്‌സല്‍ മന്‍സിലില്‍ എസ് നസീറിനാണ് ഭൂമി പതിച്ചു നല്‍കിയെന്ന വിവാദം ഉയര്‍ന്നത്. അരക്കോടിയിലേറെ വിലവരുന്ന പത്ത് സെന്റ് പുറമ്പോക്ക് ഭൂമിയാണ് ആറ് ലക്ഷം രൂപക്ക് പതിച്ചു നല്‍കിയത്. 1993 മുതല്‍ എട്ട് തവണ നസീര്‍ ഈ ഭൂമിക്കായി സര്‍ക്കാറിനെ സമീപിച്ചിരുന്നു. 2012 വരെ ഇയാളുടെ അപേക്ഷ തള്ളിയിരുന്നു. 2013ല്‍ ഇയാള്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കി. ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കമ്മിഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതുപ്രകാരം 17.07.2017ല്‍ ആണ് ഭൂമി പതിച്ചു നല്‍കാന്‍ സബ് കലക്ടറുടെ ഉത്തരവ് വന്നത്. എന്നാല്‍ മുമ്പ് തഹസില്‍ദാറും ജില്ലാ കലക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളിയ സംഭവം അന്വേഷിക്കാതെ ഏകപക്ഷീയമായാണ് സബ് കലക്ടര്‍ തീരുമാനമെടുത്തതെന്നാണ് ആരോപണം. ഇപ്പോള്‍ അരക്കോടിയിലേറെ വിലവരുന്ന വസ്തുവാണ് മാര്‍ക്കറ്റ് വില താഴ്ത്തിക്കാണിച്ച് 6,75,000 എന്ന തുകക്ക് പതിച്ചു നല്‍കിയിരിക്കുന്നത്. ഗുണഭോക്താവിനെ മാത്രം വിളിച്ച് ഹിയറിംഗ് നടത്തിയെന്ന ആരോപണവും സബ് കലക്ടര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കല വിവാദത്തിന് സമാനമായാണ് ഈ സംഭവവും ഉയര്‍ന്നു വന്നത്. അതേസമയം, നിയമപ്രകാരമുള്ള ഇടപാടാണ് നടന്നതെന്നും സബ് കലക്ടര്‍ക്ക് പങ്കില്ലെന്നുമുള്ള വിശദീകരണവും പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here