സര്‍ക്കാര്‍ സര്‍വീസിലേക്ക് പട്ടിക വര്‍ഗക്കാര്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്

ക്ലാസ് മൂന്നിലും നാലിലും പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
Posted on: March 21, 2018 6:05 am | Last updated: March 21, 2018 at 12:53 am

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പട്ടിക വര്‍ഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്കായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. വനത്തിലും വനാതിര്‍ത്തിയിലുമുള്ള ചില പ്രദേശങ്ങളിലെ പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എന്ന് ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ക്ലാസ് മൂന്നും നാലും തസ്തികകളില്‍ നിയമനം നടത്തി സര്‍ക്കാര്‍ സര്‍വീസിലെ പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യക്കുറവ് നിര്‍ണയിക്കുന്നതിനും പ്രത്യേക ദുര്‍ബല വിഭാഗങ്ങളെയും നിയമനത്തിന് മുന്‍ഗണന ലഭിക്കാന്‍ അര്‍ഹതയുള്ള മറ്റ് വിഭാഗങ്ങളെയും കണ്ടെത്തുന്നതിനും പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തും. പട്ടികവര്‍ഗത്തിലെ മറ്റു വിഭാഗങ്ങളെയും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന് പരിഗണിക്കും.

ഇതിനായി പി എസ് സിയുമായി ആലോചിച്ച് വിശദമായി മെയ് മാസത്തിന് മുമ്പ് മാര്‍ഗരേഖ തയ്യാറാക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ട് നിയമനങ്ങള്‍ക്ക് രണ്ട് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടും സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മതിയായ പ്രാതിനിധ്യം ഈ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്. പട്ടികവര്‍ഗ ജനസംഖ്യ 4,84,839 ആണ്. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 4,98,603 ആണ്. രണ്ട് ശതമാനം എന്ന നിരക്കില്‍ അര്‍ഹമായ പട്ടികവര്‍ഗ പ്രാതിനിധ്യം 9,972 ആണ്. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള പട്ടികവര്‍ഗ പ്രാതിനിധ്യത്തില്‍ വന്‍തോതിലുള്ള കുറവുണ്ടെന്നാണ് കാണുന്നത്.

മുന്‍ കാലങ്ങളില്‍ വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍മാരായി പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പി എസ് സി മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. പോലീസ് വകുപ്പില്‍ 75 പേര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് അന്തിമ ഘട്ടത്തിലാണ്. എക്‌സൈസ് വകുപ്പില്‍ വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവയിലെ പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പണിയ, അടിയാന്‍, കാട്ടുനായ്ക്കന്‍ എന്നീ വിഭാഗങ്ങള്‍ക്കായി സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമനം നടത്താനുള്ള നടപടിയും പൂര്‍ത്തിയായി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.