വോട്ടിംഗ് മെഷീനെതിരെ കോണ്‍ഗ്രസും

Posted on: March 19, 2018 10:09 am | Last updated: March 19, 2018 at 10:09 am

വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 84-ാംപ്ലീനറി സമ്മേളനവും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ വി എം)ഒഴിവാക്കി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയം നേടിയതിന് പിന്നാലെ മായാവതിയുടെ ബി എസ് പിയാണ് രാഷ്ട്രീയ കക്ഷികളില്‍ ആദ്യമായി ഇ വി എമ്മിനെതിരെ രംഗത്തുവന്നത്. തുടര്‍ന്നു ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാളും അതിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിക്കുകയും അടുത്ത ഡല്‍ഹി തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുനടത്താന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഉത്തര്‍ പ്രദേശ് തദ്ദേശ തെരഞ്ഞെപ്പില്‍ മെഷീന്‍ ഉപയോഗിച്ചിടത്തെയും അല്ലാത്തിടങ്ങളിലെയും വോട്ടിംഗ് നിലയും ഈ സന്ദേഹത്തെ ബലപ്പെടുത്തി. വന്‍നഗരങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ ബി ജെ പിയുടെ വിജയശതമാനം 75 ശതമാനത്തിനും മുകളിലാണ്. എതിരാളികള്‍ 25 ശതമാനത്തിന് താഴെയും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച പഞ്ചായത്ത്, നഗരപാലികകളില്‍ ബി ജെ പിക്ക് ലഭിച്ചത് 25 ശതമാനത്തില്‍ താഴെ സ്ഥാനങ്ങളും എതിരാളികള്‍ക്ക് 75 ശതമാനത്തിലധികവും.
നരന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ നടന്ന 20,000 കോടി രൂപയുടെ അഴിമതിയുടെ മുഖ്യ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസും വോട്ടിംഗ് മെഷീന്‍ നിര്‍മാതാക്കളായ ‘മൈക്രോചിപ്പ് ഇങ്കും’ തമ്മിലുള്ള ബന്ധം വെളിപ്പെട്ടതും വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യതക്ക് കൂടുതല്‍ മങ്ങലേല്‍പിച്ചു. കഴിഞ്ഞ ഡിസംബറില്‍ ‘ജനതാ കാ റിപ്പോര്‍ട്ടര്‍’ ആണ് ഈ രണ്ട് കമ്പനികളുടെയും ഉടമസ്ഥര്‍ ഒന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു കൊണ്ടു വന്നത്. വടക്കെ അമേരിക്കയിലെ ബാര്‍ബഡോസ് കേന്ദ്രമായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഗുജറാത്തിലെ അഹ്മദാബാദ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പുകള്‍ വിതരണം ചെയ്യുന്നതും ഇതിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യുന്നതും മൈക്രോചിപ്പ് ഇങ്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനോ ഇലക്ട്രോണിക് കോര്‍പ്പറേഷനോ റീഡ് ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ഈ പ്രോഗ്രാം തയാറാക്കുന്നതെന്നും ജനതാ റിപ്പോര്‍ട്ടര്‍ പറയുന്നു.

വോട്ടിംഗ് അടക്കം ചെയ്ത ചിപ്പുകള്‍ക്ക് സമാനമായ ചിപ്പുകള്‍ പൊതുവിപണിയില്‍ ലഭ്യമാണ്. വോട്ടിംഗ് മെഷീനിന് വേണ്ടി ഈ ചിപ്പുകള്‍ കോഡ് ചെയ്യുന്നുവെന്നേ ഉള്ളു. മെഷീനുകളിലെ ഒറിജിനല്‍ ചിപ്പുകള്‍ മാറ്റി വ്യാജ പ്രോഗ്രാം കയറ്റിയ ചിപ്പുകള്‍ കൊണ്ടുവന്നാലും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം. ഭാരത് ഇലക്ട്രോണിക്‌സും ഇലക്ട്രോണിക് കോര്‍പ്പറേഷനും മെഷീനിന്റെ സംയോജനം മാത്രമാണ് നടത്തുന്നത്. അവര്‍ക്കും ചിപ്പിലെ കൃത്രിമത്വം തിരിച്ചറിയാന്‍ എളുപ്പമല്ല. പരിശോധനാ സമയത്ത് സാധാരണ പോലെ പ്രവര്‍ത്തിച്ചു കുറച്ചു വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം ചില പ്രത്യേക കോഡുകള്‍ ഉപയോഗിച്ചുള്ള നിയന്ത്രണത്തിലൂടെ വോട്ടുകള്‍ ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തുന്ന വിധം ഇവയെ സംവിധാനിക്കാന്‍ കഴിയും.
നെതര്‍ലന്റ്, ഐയര്‍ലന്റ്, ഇറ്റലി, ജര്‍മ്മനി, യു എസ്, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങി വോട്ടിംഗ് മെഷീന്‍ നടപ്പാക്കിയ പല രാഷ്ട്രങ്ങളും അതിന്റെ പ്രവര്‍ത്തനം അസുതാര്യവും കൃത്യതയില്ലാത്തതുമാണെന്ന് മനസ്സിലാക്കി ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിന്റെ സുതാര്യത സംബന്ധിച്ച് 51 മില്യണ്‍ പൗണ്ട് ചെലവഴിച്ച് മൂന്നുവര്‍ഷം പഠനം നടത്തിയ ശേഷമാണ് അയര്‍ലന്റ് ഇത് നിരോധിച്ചത്. തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് വെനസ്വേലയും മാസിഡോണിയയും ഉക്രൈനും ഇ വി എം നിരോധിച്ചത്. യു എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ മെഷീന്‍ ഉപയോഗിക്കുന്നത് അനുവദനീയമല്ല.

കമ്മീഷന്‍ പറയുന്നത് സാധാരണ വോട്ടിംഗ് മെഷീനുകളില്‍ തിരിമറി സാധ്യമായേക്കാമെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ മെഷീനുകളില്‍ ഒരു കൃത്രിമവും കാണിക്കാന്‍ സാധിക്കില്ലെന്നാണ്. എല്ലാ രീതിയിലും സുരക്ഷിതമാണ് തങ്ങള്‍ തയാറാക്കുന്ന വോട്ടിംഗ് യന്ത്രങ്ങളെന്നും കൃത്യമായ സുരക്ഷാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ അവകാശപ്പെടുകയുണ്ടായി. സര്‍ക്കാറിനെയും തന്റെ സ്ഥാപനത്തെയും ന്യായീകരിക്കേണ്ടത് അവരുടെ കടമയാണെന്നതിനാല്‍ അത് മനസ്സിലാക്കാകുന്നതേയുള്ളൂ. കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശിലെ ഉപതിരഞ്ഞടുപ്പിനായികൊണ്ടു വന്ന വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയത് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ നേതൃത്വത്തിലുളള ഔദ്യോഗിക സംഘം തന്നെയായിരുന്നല്ലോ. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ബി ജെപി സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന രീതിയിലായിരുന്നു സജ്ജീകരണം. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്ന കാര്യം കമ്മീഷന്‍ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.