Connect with us

National

പ്രകോപിതനായി ശ്രീശ്രീ രവിശങ്കര്‍; അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

ന്യൂഡല്‍ഹി: അവതാരകയുടെ കുറിക്കുകൊള്ളുന്ന ചോദ്യത്തിന് ഉത്തരം മുട്ടിയ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. അയോധ്യാ വിഷയത്തിലുള്ള “ദി വയറി”ലെ അഭിമുഖത്തിനിടയിലാണ് തന്റെ ഭാഗം വിശദീകരിക്കവെ അദ്ദേഹം ഇറങ്ങിപ്പോയത്.

അയോധ്യാ പ്രശ്‌നം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴും ആര്‍ എസ് എസിന്റെയും സംഘ് പരിവാറിന്റെയും നിലപാടാവര്‍ത്തിക്കുകയല്ലേയെന്ന ചോദ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. മുസ്‌ലിംകള്‍ക്ക് തര്‍ക്കഭൂമിയില്‍ അവകാശമില്ല എന്ന പ്രസ്താവനയുടെ അനൗചിത്യം ചൂണ്ടിക്കാട്ടവേ ഇത് സവര്‍ക്കറിന്റെ നിലപാടുമായി ചേര്‍ന്ന് നില്‍ക്കുന്നതല്ലേയെന്ന് അവതാരക ചോദ്യമുന്നയിച്ചതോടെയാണ് രവിശങ്കര്‍ കൂടുതല്‍ പ്രകോപിതനായി.

ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം അഭിമുഖം തുടരുന്നതിന് വിമുഖത പ്രകടിപ്പിക്കുകയും അനുയായികള്‍ ഇടപെട്ട് അഭിമുഖം സംഘടിപ്പിച്ച ആര്‍ഫ ഖാനൂം ശര്‍വാനിയോട് ക്യാമറ ഓഫു ചെയ്യാനും ചടങ്ങ് അവസാനിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു. ബഹുമാനം നല്‍കി സംസാരിക്കണമെന്ന് രവിശങ്കറുടെ അനുയായികള്‍ അവതാരകയോട് ആവശ്യപ്പെടുകയും ചെയ്തു.

ചെറിയ ഇടവേളക്ക് ശേഷം അഭിമുഖം പുനരാരംഭിച്ചപ്പോള്‍ ഉന്നയിച്ച ചോദ്യവും രവിശങ്കറെ അലോസരപ്പെടുത്തി. ആര്‍ എസ്എസ്, ബി ജെ പി എന്നിവയുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ? എന്ന് ചോദ്യം വന്നതോടെ രവിശങ്കര്‍ അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു.

അയോധ്യാ വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ പ്രതികരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസും എടുത്തിട്ടുണ്ട്. മുസ്‌ലിംകള്‍ അയോധ്യക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്നുമാണ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്.