ആഞ്ചലെ മെര്‍ക്കല്‍ നാലാം തവണയും ജര്‍മന്‍ ചാന്‍സലര്‍

Posted on: March 15, 2018 6:04 am | Last updated: March 14, 2018 at 10:24 pm

ബര്‍ലിന്‍: ആറ് മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആഞ്ചലെ മെര്‍ക്കലിനെ നാലാം തവണയും ചാന്‍സലറായി ജര്‍മന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുത്തു. 2005 മുതല്‍ ജര്‍മനിയുടെ നേതാവായി തുടരുന്ന ഇവര്‍, 315നെതിരെ 364 വോട്ടുകള്‍ നേടിയാണ് വീണ്ടും അധികാരത്തിലെത്തിയത്. മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് ക്രിസ്റ്റിയന്‍ ഡെമോക്രാറ്റിക് യൂനിയനും ഇതിന്റെ സഖ്യപാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂനിയനും സെന്റര്‍ ലെഫ്റ്റ് സോഷ്യല്‍ ഡമോക്രാറ്റിനും പാര്‍ലിമെന്റില്‍ 399 സീറ്റുകളുണ്ട്. അവരുടെ സഖ്യത്തില്‍ നിന്നു തന്നെയുള്ള ഏകദേശം 35 ഓളം പാര്‍ലിമെന്റ് അംഗങ്ങള്‍ ഇവരെ പിന്തുണച്ചില്ല.

അധികാരത്തിലെത്തിയ മെര്‍ക്കല്‍ ക്യാബിനറ്റില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുകയാണ്. ധനകാര്യവകുപ്പും വിദേശകാര്യ വകുപ്പും സാമ്പത്തിക കാര്യവകുപ്പും ആഭ്യന്തരവകുപ്പും പൊളിച്ചുപണിയുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി 171 ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ചാന്‍സലറെ ജര്‍മന്‍ പാര്‍ലിമെന്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 2021 വരെയാണ് ഈ സര്‍ക്കാറിന്റെ കാലാവധി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.