വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Posted on: March 12, 2018 9:49 pm | Last updated: March 12, 2018 at 9:49 pm
SHARE

ദുബൈ: പ്രതിവര്‍ഷം 3,75,000 ദിര്‍ഹത്തിലേറെ വരുമാനമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ഇ-സര്‍വീസസ് പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പോര്‍ട്ടലില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.
നികുതി അടക്കേണ്ടയാള്‍ക്കോ പ്രതിനിധിക്കോ നടപടികള്‍ 15-20 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാം. രാജ്യാന്തര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്നതാണ് എഫ് ടി എയുടെ വെബ്‌സൈറ്റ്. വാറ്റ് രജിസ്‌ട്രേഷന്‍, വാറ്റ് റിട്ടേണ്‍ സമര്‍പിക്കല്‍, നികുതി നല്‍കല്‍ തുടങ്ങിയവക്ക് വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താം. ഇ സര്‍വീസ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എന്ന വിഭാഗത്തില്‍ ക്ലിക് ചെയ്ത് നടപടികള്‍ ആരംഭിക്കാം. ആദ്യപടി പൂര്‍ത്തിയാക്കിയാല്‍ വെരിഫിക്കേഷന്‍ ഇ മെയില്‍ അയക്കും. തുടര്‍ന്ന് അക്കൗണ്ടിനായി തുടര്‍നടപടികള്‍ ചെയ്യാം. അക്കൗണ്ട് രൂപീകരണം, ഫോം പൂരിപ്പിക്കല്‍, അനുമതിക്കായി സമര്‍പണം എന്നീ മൂന്നുനടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്.
വാറ്റ് രജിസ്‌ട്രേഷനു സമയപരിധി പ്രഖ്യാപിച്ചിട്ടും സ്ഥാപനങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നു വൈകി രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നു പിഴ ഈടാക്കുന്നത്. ഏപ്രില്‍ 30വരെ നിര്‍ത്തി വെച്ചിട്ടുണ്ട്. ടാക്‌സ് ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ സംബന്ധിച്ചും എഫ് ടി എ നിര്‍ദേശങ്ങള്‍ നല്‍കി.
ടാക്‌സ് ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടവര്‍ പ്രതിനിധിയെ നിയമിച്ചാണു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പ്രതിനിധിക്ക് ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ടി ആര്‍ എന്‍) ലഭിച്ചാല്‍, മറ്റ് അംഗങ്ങളെയും ചേര്‍ക്കാം. പ്രത്യേകമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അംഗങ്ങളെ ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൃത്യമായ വിവരം അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്ന് എഫ് ടി എ ഓര്‍മിപ്പിച്ചു. ട്രേഡ് ലൈസന്‍സ്, മാനേജരുടെയോ ഉടമയുടെയോ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ ഡി പകര്‍പ്പ്, ഓതറൈസ്ഡ് സിഗ്‌നേറ്ററി മാനേജര്‍ അല്ലെങ്കില്‍ തത്തുല്യപദവിയിലുള്ള ആളുടെ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ ഡി പകര്‍പ്പ്, ഓതറൈസ്ഡ് സിഗ്‌നേറ്ററി ആയി നിയമിച്ചതിന്റെ രേഖകള്‍ (ഉദാ. ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി) തുടങ്ങിയവ സ്‌കാന്‍ ചെയ്ത് സമര്‍പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here