നടിക്കെതിരായ ആക്രമണം: ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted on: March 12, 2018 9:32 am | Last updated: March 12, 2018 at 9:55 am

കൊച്ചി: നടിക്കെതിരായ ആക്രമണ കേസില്‍ വിചാരണ ഈ മാസം 14ന് തുടങ്ങരുതെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 14ന് വിചാരണ നടക്കാനിരിക്കെയാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്.
14ന് കേസിലെ എല്ലാ പ്രതികളോടും ഹാജരാകാന്‍ വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രതിയെന്ന നിലക്ക് തനിക്ക് ഇതുവരെ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും രേഖകള്‍ ലഭ്യമാക്കിയതിന് ശേഷമേ വിചാരണ ആരംഭിക്കാവൂ എന്നുമാണ് ഹരജിയിലെ ആവശ്യം. പ്രതിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ പരിഗണിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണ് അങ്കമാലി കോടതി ദിലീപിന്റെ ഹരജി തള്ളിയത്.

എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളൊഴികെ സി സി ടി വി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ ആരോപണം.