കൊടുങ്കാറ്റിന് സാധ്യത; കടലില്‍ പോകരുതെന്ന് നിര്‍ദേശം

Posted on: March 12, 2018 12:19 am | Last updated: March 12, 2018 at 9:33 am
SHARE

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കക്കുമിടയില്‍ ന്യൂനമര്‍ദമേഖല രൂപപ്പെട്ടതിനേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടക്കുള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ നാളെ വരെ മത്സ്യബന്ധനം നടത്തരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.

തമിഴ്‌നാടിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ക്രമേണ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നാണ് നിഗമനം. കടലില്‍ 60 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. തിരമാല സാധാരണയില്‍ നിന്നും 3.2 മീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്. നേരത്തെ ന്യൂനമര്‍ദം പടിഞ്ഞാറേക്ക് പോകുമെന്നായിരുന്നു പ്രവചനം.
എന്നാല്‍, ഇപ്പോള്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറന്‍ ദിശയില്‍ തിരിയും എന്നാണ് നിരീക്ഷണം. മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചൂട് കാലാവസ്ഥയായതിനാല്‍ ന്യൂനമര്‍ദം ശക്തിപ്പെടാനിടയുണ്ടെന്നും തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറഞ്ഞു.

പോലീസിന്
ജാഗ്രതാ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത,് വിശേഷിച്ചും തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍, തീരമേഖലയിലും മറ്റ് ഇടങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദേശം നല്‍കി.

മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും അധികൃതരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും പോലീസിന്റെ ക്രമീകരണങ്ങളോട് എല്ലാവിധത്തിലും സഹകരിക്കണമെന്നും പൊതുജനങ്ങളോടും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here