Connect with us

National

ഉത്തര്‍പ്രദേശില്‍ വീണ്ടും അംബേദ്കര്‍പ്രതിമ തകര്‍ത്തു

Published

|

Last Updated

അസംഗഢ്: ഉത്തര്‍പ്രദേശില്‍ വീണ്ടും അംബേദ്കര്‍ പ്രതിമ തകര്‍ത്തു. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് അംബേദ്കറുടെ പ്രതിമ തകര്‍ക്കുന്നത്. ഇന്ന് രാവിലെ അസംഗഢിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. നേരത്തെ, മീററ്റിലും അംബേദ്കറുടെ പ്രതിമ തകര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തിരുന്നു. പിന്നീട് രാജ്യന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിമ തകര്‍ക്കലുകളുടെ പരമ്പരയാണ് അരങ്ങേറിയത്. തമിഴ്‌നാട്ടില്‍ ഇവി രാമസ്വാമി നായ്ക്കറു(പെരിയാര്‍)ടെയും കൊല്‍ക്കത്തയില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും കണ്ണൂരില്‍ ഗാന്ധിജിയുടേയും പ്രതികള്‍ക്ക് നേരെ ആക്രമണമുണ്ടായി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാത സംഘം മീററ്റിലെ അംബേദ്കര്‍ പ്രതിമക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് മീററ്റിലെ മവാനയില്‍ ദളിത് സമൂഹം ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. പുതിയ പ്രതിമ സ്ഥാപിക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ദളിത് സംഘം പ്രതിഷേധം അവസാനിപ്പിച്ചത്.

ചരിത്ര പ്രാധാന്യമുള്ള വ്യക്തികളുടെ പ്രതിമ തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമക്ക് നേരെ ചൊവ്വാഴ്ചയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തിരുന്നു.