പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി എത്ര രൂപ ചെലവായി ?;വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം

Posted on: February 27, 2018 7:03 pm | Last updated: February 27, 2018 at 7:03 pm

ന്യൂഡല്‍ഹി: 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യക്ക് എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

കമ്മഡോര്‍,ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വിവരാവകാശ കമ്മീഷന്‍ തള്ളി.

നരേന്ദ്രമോദിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത ഫയലുകളിലായി ചിതറിക്കിടക്കുകയാണെന്നും പല ബില്ലുകളും വിമാനക്കമ്പനികളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ഇവ കണ്ടെത്തി മറുപടി നല്‍കുന്നതിന് വളരെയധികം സമയം വേണ്ടിവരുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നത്. എയര്‍ ഇന്ത്യയ്ക്ക് നല്‍കേണ്ട തുക ഇനിയും നല്‍കാന്‍ ബാക്കിയുണ്ടെന്നും യാത്രകളുടെ ബില്ലുകള്‍ തങ്ങളുടെ കൈവശമില്ലന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നല്‍കാനുള്ള തുക സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും പൊതുജനങ്ങളുടെ പണമാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും ലോകേഷ് ബത്ര വ്യക്തമാക്കി.

എയര്‍ ഇന്ത്യക്ക് തുക നല്‍കിയാലും ഇല്ലെങ്കിലും ഇതുസംബന്ധിച്ച ബില്ലുകള്‍ ലഭ്യമാകുമെന്നും വിവരാവകാശ കമ്മീഷ്ണര്‍ പറഞ്ഞു.