വിജയ് ഹസാരെ ട്രോഫി; സൗരാഷ്ട്രയെ 41 റണ്‍സിന് തോല്‍പ്പിച്ച് കര്‍ണാടകക്ക് കിരീടം

Posted on: February 27, 2018 5:38 pm | Last updated: February 27, 2018 at 9:36 pm

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയെ 41 റണ്‍സിന് തോല്‍പ്പിച്ച് കര്‍ണാടക കിരീടം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 45.5 ഓവറില്‍ 253 റണ്‍സിന എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയുടെ പോരാട്ടം 46.3 ഓവറില്‍ 212 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ കര്‍ണാടകയുടെ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഫൈനലിലെ താരം.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പൊരുതി നേടിയ 90 റണ്‍സാണ് കര്‍ണാടകയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 79 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സറുകളും അഗര്‍വാള്‍ പറത്തി. രവികുമാര്‍ സമര്‍ത് (48), പവന്‍ ദേശ്പാണ്ഡെ (49) എന്നിവരും തിളങ്ങി. വാലറ്റത്ത് ശ്രേയസ് ഗോപാല്‍ നേടിയ 31 റണ്‍സാണ് സ്‌കോര്‍ 250 കടത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വര്‍ പൂജാരയാണ് ഒറ്റയാള്‍ പോരാട്ടം നടത്തിയത്. ഒന്‍പതാമനായി പൂജാര റണ്‍ഔട്ടാകുമ്പോള്‍ 94 റണ്‍സ് നേടിയിരുന്നു. 127 പന്തുകള്‍ നേരിട്ട പൂജാര 10 ഫോറും ഒരു സിക്‌സും നേടി. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല.