ശുഐബ് വധം: ഉമ്മന്‍ ചാണ്ടി നാരങ്ങാ നീര് നല്‍കി; സുധാകരന്‍ സമരം അവസാനിപ്പിച്ചു

Posted on: February 27, 2018 3:29 pm | Last updated: February 27, 2018 at 5:43 pm

കണ്ണൂര്‍: ശുഐബ് വധത്തില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് സുധാകരന്‍ സമരം അവസാനിപ്പിച്ചത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരം അവസാനിപ്പിച്ചതിനൊപ്പം തന്നെ നിരാഹാരസമരം അവസാനിപ്പിക്കാനാണ് നേതൃയോഗം നിര്‍ദേശിച്ചതെങ്കിലും ഒരു ദിവസം കൂടി സമരം തുടരണമെന്ന് കെ സുധാകരന്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയിലേക്കു മാറണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും സുധാകരന്‍ വഴങ്ങിയിരുന്നുമില്ല. കെ പി സി സി പ്രസിഡന്റ് എം എം ഹസനാണ് സമരം അവസാനിപ്പിക്കാന്‍ സുധാകരന് ഇന്നലെ നിര്‍ദേശം നല്‍കിയത്.

ശുഐബ് വധത്തില്‍ സി ബി ഐ അന്വേഷണമാവാമെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് യു ഡി എഫ് അടിയന്തിര യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനമെടുത്തത്. തുടര്‍ന്ന് ഇക്കാര്യം സുധാകരനെ ഫോണില്‍ അറിയിച്ചതും. ഇക്കഴിഞ്ഞ 19നാണ് 48 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങിയത്. പിന്നീട് 22ന് സമരപ്പന്തലില്‍ യു ഡി എഫ് ഉന്നതാധികാര സമിതി ചേര്‍ന്ന് സമരം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ സുധാകരനെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു.