ദുരൂഹത നീങ്ങുന്നില്ല; ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്

Posted on: February 27, 2018 12:00 pm | Last updated: February 27, 2018 at 3:09 pm

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് ദുബൈയിലെ ഫൊറന്‍സിക് ഫലം വെളിപ്പെടുത്തുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് അവ്യക്തമാണ്. വീഴ്ചയില്‍ ഉണ്ടായതാണോ എന്ന കാര്യം പ്രോസിക്യൂഷന്‍ പരിശോധിച്ചുവരികയാണ്. വീഴ്ചയിലുണ്ടായതാണെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാതെ മൃതദേഹം വിട്ടുനല്‍കുമെന്നാണ് വിവരം. എന്നാല്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നേക്കും. വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും.

അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പോലീസ് വിശദമായി ചോദ്യം ചെയ്തു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്ന ബര്‍ ദുബൈ പൊലീസ് സ്‌റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.

ദുബൈയിലെ ഹോട്ടല്‍ മുറിയിലെ ബാത്ടബ്ബില്‍ മുങ്ങിയാണ് മരിച്ചതെന്ന് നേരത്തെ ഫോറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ബാലന്‍സ് തെറ്റി ബാത്ത് ടബ്ബില്‍ വീണതാണ് മരണ കാരണമെന്നായിരുന്നു സൂചനകള്‍. മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെ മരണം കൂടുതല്‍ ദുരൂഹമായി.

ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ടബ്ബിലെ നിറഞ്ഞ വെള്ളത്തില്‍ അനക്കമറ്റ നിലയില്‍ ശ്രീദേവിയെ താന്‍ കാണുന്നതെന്നാണ് ഭര്‍ത്താവ് ബോണി കപൂര്‍ വ്യക്തമാക്കിയത്. ബോണി കപൂര്‍ ഏതാനും മണിക്കൂര്‍ മുമ്പാണ് മുംബൈയില്‍ നിന്ന് ദുബൈയില്‍ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയത്. ഡിന്നറിനു പോകാന്‍ ഒരുങ്ങാന്‍ ബോണി കപൂര്‍ ക്ഷണിച്ചതനുസരിച്ചു ശ്രീദേവി തയ്യാറെടുപ്പിലായിരുന്നു. വരുന്ന വിവരം ശ്രീദേവിയെ അറിയിച്ചിരുന്നില്ല. ‘സര്‍പ്രൈസ്’ ആയിക്കോട്ടെയെന്ന് കരുതിയെന്നാണ് ബോണി കപൂര്‍ പറഞ്ഞത്.