സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഐബിന്റെ കുടുംബം സമരത്തിലേക്ക്

Posted on: February 26, 2018 1:53 pm | Last updated: February 26, 2018 at 5:52 pm
SHARE

കണ്ണൂര്‍: ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന്  കുടുംബം ആവശ്യപ്പെട്ടു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും കുടുംബം ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. ഇനിയാരും ഇങ്ങനെ കൊല്ലപ്പെടരുതെന്നും ശുഐബിന്റെ പിതാവ് പറഞ്ഞു.

ശുഐബ് കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എംഎല്‍എയോ മന്ത്രിയോ പോയിട്ട് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല.
സിബിഐ അന്വേഷണം നടത്തുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്നാണ് മന്ത്രി എകെ ബാലന്‍ കണ്ണൂരില്‍ വന്നപ്പോള്‍ പറഞ്ഞത്. ആ നിലപാടില്‍ നിന്നും സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോക്കം പോയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്ന് ശുഐബിന്റെ സഹോദരി പറഞ്ഞു.

കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പോലീസ് അന്വേഷണം കുറ്റമറ്റതാണെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളൊന്നും പിടിയിലാവാതിരുന്ന ഘട്ടത്തിലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചതെന്നും പ്രതികള്‍ പിടിയിലാകുകയും അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here