സലഫി പ്രചാരകനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ചെന്നിത്തല

Posted on: February 26, 2018 11:39 am | Last updated: February 26, 2018 at 1:16 pm

തിരുവനന്തപുരം: കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ മതസ്പര്‍ധയുളവാക്കുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ സലഫി പ്രചാരകനും മുജാഹിദ് നേതാവും പീസ് എജ്യുക്കേഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എംഎം അക്ബറിനെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയെപോലെ പെരുമാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ]

എം എം അക്ബറിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്ക് പോകുന്നതിനിടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇയാളെ എറണാകുളം നോര്‍ത്ത് എസ് ഐ. വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിച്ചു.പോലീസ് രണ്ടരമണിക്കൂറോളം അക്ബറിനെ ചോദ്യം ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച രാത്രിയോടെ എമിഗ്രേഷന്‍ വിഭാഗമാണ് ഇയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടികൂടിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കേരള പോലീസ് ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നു. കേസില്‍ എം എം അക്ബറിനെ ഒന്നാം പ്രതിയാക്കാനാണ് പോലീസ് നീക്കം.

2016 ഒക്‌ടോബറിലാണ് എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്ന് മതസ്പര്‍ധയുളവാക്കുന്ന പാഠഭാഗങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. കെ ജി ക്ലാസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകത്തിലാണ് വിവാദ പാഠഭാഗങ്ങള്‍ അടങ്ങിയിരുന്നത്. സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എം എം അക്ബര്‍ വിദേശത്ത് പോകുകയായിരുന്നു. ഇതോടെ അക്ബറിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്ഥാപനത്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ എന്‍ സി ഇ ആര്‍ ടി, സി ബി എസ് ഇ, എസ് ഇ ആര്‍ ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് എറണാകുളം ചക്കരപ്പറമ്പിലെ സകൂള്‍ അടച്ചുപൂട്ടിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, പാഠപുസ്തകം പ്രസിദ്ധീകരിച്ച മുംബൈയിലെ ബൂര്‍ജ് റിയലൈസേഷന്‍ ചെയര്‍മാന്‍ ദാവൂദ് വെയ്ത്ത്, ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന സമീദ് അഹ്മദ് ഷെയ്ഖ്. ഡിസൈനര്‍ സഹില്‍ ഹമീദ് സെയ്ത് എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവരെ പ്രതികളാക്കിയാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മാത്രമാണ് ഇവര്‍ ഇടപെട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഇതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഇവരെ ഒഴിവാക്കിയേക്കും.