ശുഐബ് വധം: പ്രതിപക്ഷം നടുത്തളത്തില്‍; ചോദ്യോത്തരവേള റദ്ദാക്കി

Posted on: February 26, 2018 9:35 am | Last updated: February 26, 2018 at 12:30 pm

തിരുവനന്തപുരം: കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ സ്തംഭിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ചു.

ചോദ്യോത്തരവേള തടസ്സപ്പെടുത്തരുടെന്ന സ്പീക്കറുടെ അഭ്യര്‍ഥന പ്രതിപക്ഷം തള്ളി. സ്പീക്കറുടെ വെല്ലിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ നേരെ പ്‌ളക്കാര്‍ഡുകള്‍ നീട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ മേശയുടെ മേല്‍ കൈകൊണ്ട് അടിച്ചും അവര്‍ പ്രതിഷേധം ശക്തമാക്കി. വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിച്ചുവെന്നും ബഹളം അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അതേസമയം, മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും പിന്നീട് മീഡിയ ഗ്യാലറിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ശുഹൈബിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് മുഖ്യമന്ത്രി മറുപടി പറയാന്‍ എഴുന്നേറ്റയുടനാണ് ബഹളം രൂക്ഷമായത്. പിന്നീട് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എഴുന്നേറ്റെങ്കിലും മറുപടി പൂര്‍ത്തിയാക്കാനായില്ല. ഇതിടെ, ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.