Connect with us

Kerala

കല്ലാര്‍കുട്ടി ഡാമില്‍ ബോട്ടിംഗ് ആരംഭിക്കുന്നു

Published

|

Last Updated

കോതമംഗലം: വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള കല്ലാര്‍കൂട്ടി അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വൈദ്യുതി ബോര്‍ഡിന്റെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ബോട്ടിംഗ് ആരംഭിക്കുന്നത്. നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് ഇവിടെ സര്‍വീസിനായി ആദ്യം ഇറക്കുക.

കല്ലാര്‍കുട്ടി അണകെട്ടിന്റെ ഭാഗത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ മുതിര പുഴ റോഡിലാണ് ഇതിനായുള്ള ബോട്ട് ജട്ടിയും മറ്റ് സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ നിന്ന് സഞ്ചാരികള്‍ ഇടുക്കിയിലേക്ക് പോകുന്ന വഴിയിലാണ് കല്ലാര്‍കുട്ടി അണകെട്ട് സ്ഥിതി ചെയ്യുന്നത്.

അത് കൊണ്ടുതന്നെ ഇവിടെ ബോട്ടിംഗിന് ഏറെ സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ബോര്‍ഡിലെ ഹൈഡല്‍ ടൂറിസം വിഭാഗം ശിപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ സ്പീഡ് ബോട്ടുകള്‍ കൂടുതലായ ജലസംഭരണിയില്‍ സര്‍വീസ് നടത്തുന്നത് തീരങ്ങള്‍ ഇടിയാന്‍ കാരണമാകുമെന്നത് കണക്കിലെടുത്താണ് കൂടുതല്‍ പെഡല്‍ ബോട്ടുകള്‍ ഇറക്കുന്നത്. ആല്‍പ്പാറ, നാടുകാണി, കാറ്റാടി പാറ തുടങ്ങിയ നിരവധി മനോഹര ദൂര കാഴ്ചകള്‍ കല്ലാര്‍കുട്ടി ജലസംഭരണിയിലെ ബോട്ടിംഗില്‍ കാണാനാകും.

പ്രകൃതി ഒരുക്കിയ നിരവധി മനോഹര കാഴ്ചക്കൊപ്പം ചെങ്കുളം, നേര്യമംഗലം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളും കല്ലാര്‍ കുട്ടിയുടെ സമീപ പ്രദേശങ്ങളിലാണ.് അതുകൊണ്ട് ഇവ കൂടി കാണാനുള്ള സൗകര്യം സഞ്ചാരികള്‍ക്ക് ലഭിക്കും. ഇടുക്കി, അടിമാലി, നെടുങ്കണ്ടം, കൊന്നത്തടി, കട്ടപ്പന, രാജാക്കാട്, ബോഡിമെട്ട്, ലോവര്‍പെരിയാര്‍ എന്നീ റോഡുകളുടെ സംഗമ സ്ഥലമായതിനാല്‍ കല്ലാര്‍ കുട്ടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടെ ബോട്ട് സര്‍വീസ് ആരംഭിക്കുന്നത് ഏറെ അനുഗ്രഹമാണ്.