ഖത്വറില്‍ ബിസിനസ് ഉപയോഗത്തിന് 5 ജി സേവനം

Posted on: February 25, 2018 9:00 pm | Last updated: February 25, 2018 at 9:00 pm

ദോഹ: മേഖലയില്‍ ആദ്യമായി അഞ്ചാം തലമുറ (5 ജി ന്യൂ റേഡിയോ) ഇന്റര്‍നേറ്റ് സേവനം ഖത്വര്‍ ഉരീദു പ്രഖ്യാപിച്ചു. രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായാണ് സേവനം പ്രഖ്യാപിച്ചത്. ഏതാനും മാസങ്ങളായി നടന്നു വരുന്ന പരിശോധനക്കു ശേഷമാണ് ഇന്ന് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ഉരീദു രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്.
സെക്കന്‍ഡില്‍ 2.3 ജിഗാബൈറ്റ് വേഗതതിയാലണ് ഫൈവ് ജി സേവനം അവതരിപ്പിക്കുന്നത്. 3.5 മില്ലി സെക്കന്‍ഡ് എന്ന അതിശയകമായ പ്രതികരണ വേഗതമാണ് ഇതിലൂടെ ലഭ്യാകുക. നിലവില്‍ രാജ്യത്ത് ലഭ്യമായ ഫോര്‍ ജി ഇന്റര്‍നെറ്റ് വേഗത്തിന്റെ ഇരട്ടിവേഗമാമാണ് അള്‍ട്രാ ഫാസ്റ്റ് 5 ജി നെറ്റ്‌വര്‍ക്കിലൂടെ ലഭ്യമാകുക. രാജ്യത്തെ നിത്യജീവിതത്തില്‍ 5 ജി വലിയ തോതിലുള്ള മാറ്റം വരുത്തുമെന്ന് ഉരീദു വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സ്ഥാപനങ്ങള്‍, വ്യവസായമേഖല എന്നിവക്കെല്ലാം പുതിയ വേഗം വന്‍തോതില്‍ ഫലം ചെയ്യും. ഓട്ടോണമസ് വാഹനങ്ങള്‍, റോബോട്ടിക് സര്‍ജറി, ഓഗ്‌മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സ്‌പോര്‍ട്‌സ് എന്നിവക്കും 5 ജി സാഹചര്യമൊരുക്കും.
5 ജി സേവനം ആരംഭിക്കുന്നതിലൂടെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ മേഖലകളിലെ രാജ്യങ്ങള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കുമെന്ന് ഉരീദു സി ഇ ഒ വലീദ് സഈദ് പറഞ്ഞു. ആഴ്ചകള്‍ക്കു മുമ്പ് ഖത്വര്‍ എയര്‍വേയ്‌സിന് സേവനം നല്‍കിയാണ് ഫൈവ് ജി സൗകര്യം രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങിയത്.