മധുവിനെ കെട്ടിയിട്ട് സെല്‍ഫിയെടുത്ത ഉബൈദ് എട്ടാം പ്രതി

Posted on: February 25, 2018 7:24 pm | Last updated: February 25, 2018 at 9:13 pm

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദമായ സെല്‍ഫി പകര്‍ത്തിയ തൊട്ടിയില്‍ ഉബൈദ്(25) എട്ടാം പ്രതി. മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകള്‍ ബന്ധിച്ച നിലയില്‍ കാട്ടിലെ പാറയിടുക്കിന് അടുത്തു വച്ചാണ് ഉബൈദ് സെല്‍ഫിയെടുത്തത്. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു.

നിലവില്‍ മറ്റു പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്ന വകുപ്പുകള്‍ തന്നെയാണ് ഇയാള്‍ക്കെതിരെയും ചേര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടില്ലെങ്കിലും തുടരന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അഗളി പൊലീസ് സ്‌റ്റേഷനു മുന്നില്‍ ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നടത്തിവന്ന സമര പന്തലില്‍ വിവാദ സെല്‍ഫിയും ഇയാളുടെ ചിത്രങ്ങളും പോസ്റ്റര്‍ രൂപത്തില്‍ പതിച്ചിരുന്നു.