റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ക്ക് വേഗത കൂട്ടണം: മന്ത്രി

Posted on: February 24, 2018 10:13 pm | Last updated: February 24, 2018 at 10:13 pm

കാസര്‍കോട്: റവന്യൂ വകുപ്പ് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വകുപ്പുകളുടെ മാതാവാണെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലായി കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയില്‍ പരിഹാരത്തിന് വേഗത കൂട്ടാനുളള ഉത്തരവാദിത്തവും ജീവനക്കാര്‍ക്കുണ്ട് എന്നദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങില്‍ വിവിധ പട്ടയവിതരണവും പ്രകൃതിക്ഷോഭ ധനസഹായ വിതരണവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായ വിതരണവും ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കുളള അനുമോദനം, മികച്ച വില്ലേജ് ഓഫീസര്‍ക്കുളള അനുമോദനം, ക്വിസ് മത്സരവിജയികള്‍ക്കും ക്ലീന്‍ ഓഫീസ് വിജയികള്‍ക്കുളള സമ്മാനവിതരണവും മന്ത്രി നിര്‍വ്വഹിച്ചു. എന്‍ ഐ സി ഇന്നൊവേഷന്‍ ചാലഞ്ച് 2018 മത്സരത്തില്‍ ദേശീയപുരസ്‌കാരം ലഭിച്ച ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ രാജനെ മന്ത്രി അനുമോദിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു സ്വാഗതവും എഡിഎം എന്‍ ദേവിദാസ് നന്ദിയും പറഞ്ഞു.